മദ്യലഹരിയിൽ തർക്കം, കാര്യവട്ടത്ത് യുവാവിനെ പിതാവ് കുത്തിക്കൊന്നു
പോത്തൻകോട്: തിരുവോണ ദിവസം മദ്യലഹരിയിൽ പിതാവും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ പിതാവ് മകനെ കുത്തിക്കൊന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം ഉള്ളൂർക്കോണത്ത് വലിയവിള പുത്തൻവീട്ടിൽ ഉല്ലാസാണ് (35) കൊല്ലപ്പെട്ടത്. പിതാവ് ഉണ്ണിക്കൃഷ്ണൻ നായരെ (60) പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്തു.
ഉള്ളൂർക്കോണം നാലുമുക്ക് നവോദയ നഗറിലാണ് സംഭവം. ഇന്നലെ രാവിലെ 8ഓടെ തൊട്ടടുത്ത് താമസിക്കുന്ന ഭാര്യയോടാണ് കൊലപാതക വിവരം ഉണ്ണിക്കൃഷ്ണൻ നായർ പറയുന്നത്. തുടർന്ന് ഭാര്യ ഉഷ വീട്ടിലെത്തിയപ്പോൾ മകനെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇടത് ഷോൾഡറിൽ ആഴത്തിൽ കുത്തേറ്റ ഉല്ലാസ് രക്തം വാർന്നാണ് മരിച്ചത്.
തിരുവോണ ദിവസം മദ്യലഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനിടെ കൊലപാതകം നടന്നെതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇരുവരും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമായതിനാൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ഉഷ മറ്റൊരു വീട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ മകൻ വീട്ടിൽ തലയിടിച്ച് രക്തംവാർന്നു കിടക്കുകയാണെന്നും ഉടൻ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഭാര്യ ഉഷയെയും സമീപത്തെ സുഹൃത്തിനെയും ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. തുടർന്ന് അയൽവാസി മറ്റൊരാളെയുംകൂട്ടി സംഭവസ്ഥലത്തെത്തിയതിന് ശേഷമാണ് പോത്തൻകോട് പൊലീസിൽ വിവരമറിയിച്ചത്.
ഉത്രാട ദിനത്തിൽ ഉല്ലാസിന്റെ ഭാര്യ വിദ്യ കുട്ടികളുമായി ചെങ്ങന്നൂരിലെ വീട്ടിൽ പോയിരുന്നു. അതിനാൽ സംഭവം നടക്കുമ്പോൾ വീട്ടിൽ അച്ഛനും മകനുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്ന ഉണ്ണിക്കൃഷ്ണൻ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്രം സമ്മതിച്ചത്. ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ദ്ധരും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോത്തൻകോട് പൊലീസ് എസ്.എച്ച്.ഒ സുനിൽ ഗോപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരിച്ച ഉല്ലാസ് ടിപ്പർ ലോറി ഡ്രൈവറാണ്. ഇറച്ചി വെട്ടുകാരനാണ് ഉണ്ണിക്കൃഷ്ണൻ. വിദ്യയാണ് മരിച്ച ഉല്ലാസിന്റെ ഭാര്യ. മക്കൾ: ആദിത്യൻ,ആര്യൻ.