ബസിൽ മാല മോഷ്ടിച്ച വനിത പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ

Monday 08 September 2025 3:01 AM IST

ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല കവർന്ന വനിത പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഡി.എം.കെ വനിത വിഭാഗം നേതാവും തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റുമായ ഭാരതിയെയാണ് (56) അറസ്റ്റ് ചെയ്തത്. നേർക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച് പവന്റെ സ്വർണമാലയാണ് കഴിഞ്ഞ ജൂലായ് 14ന് ഭാരതി കവർന്നത്.

കാഞ്ചീപുരത്തുനടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തശേഷം വരലക്ഷ്മി ബസിൽ വീട്ടിലേക്ക് വരികയായിരുന്നു. കോയമ്പേട് ബസ്‌സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സി.സി.ടി.വി പരിശോധിച്ചാണ് പൊലീസ് ഭാരതിയാണു മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭാരതിയെന്ന് പൊലീസ് പറഞ്ഞു.