ഓണം പൊൻമുടിക്കൊപ്പം
വിതുര: ഇക്കൊല്ലവും ഓണത്തിന് പൊൻമുടിയിൽ വൻതിരക്കായിരുന്നു. തിരുവോണനാളിലായിരുന്നു കൂടുതലും തിരക്ക് അനുഭവപ്പെട്ടത്. ഈ തിരക്ക് മുൻനിറുത്തി പൊൻമുടിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ഉത്രാടം,തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഒരുലക്ഷത്തിൽപ്പരം സഞ്ചാരികൾ എത്തിയെന്നാണ് കണക്ക്. അപ്പർസാനിറ്റോറിയം മുതൽ കുളച്ചിക്കരവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
സർക്കാരിന്റെയും ടൂറിസംവകുപ്പിന്റെയും ഓണാഘോഷം നെടുമങ്ങാട് വരെ നടത്തിയപ്പോൾ പൊൻമുടിയിലും ഓണാഘോഷം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് വിതുര ആർട്സ് സൊസൈറ്റി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകി. പക്ഷെ പരിഗണിച്ചില്ല.
കല്ലാർ, മീൻമുട്ടി, പേപ്പാറ,ബോണക്കാട്, ചാത്തൻകോട്, ചീറ്റിപ്പാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കായിരുന്നു
ഗതാഗത കുരുക്കും
പൊൻമുടി അപ്പർസാനിറ്റോറിയവും പരിസരപ്രദേശങ്ങളും വാഹനങ്ങൾ നിറഞ്ഞതോടെ വിതുര - പൊന്മുടി റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വനംവകുപ്പിന് പാസ് ഇനത്തിൽ മൂന്ന് ലക്ഷത്തിൽപ്പരം രൂപയുടെ വരുമാനം ലഭിച്ചതായാണ് കണക്ക്. എന്നാൽ ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുമ്പോൾ സഞ്ചാരികൾ ഏറെയെത്തുന്ന പൊന്മുടിയെ ഇക്കുറിയും ടൂറിസംവകുപ്പ് തഴഞ്ഞെന്നാണ് ആക്ഷേപം.
പരിഹാരം അകലെ
ഓരോവർഷവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പൊൻമുടിയിൽ സഞ്ചാരികൾക്ക് ആവശ്യമായ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും പരാതിയുണ്ട്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാറില്ല. അവധി നാളുകളിൽ പൊൻമുടി നേരിടുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരം കണാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി.
പ്രഖ്യാപനങ്ങൾ കടലാസിൽ
പൊന്മുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിച്ചെങ്കിലും മുൻകാലങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഹെലിപ്പാഡും റോപ്പ് വേയും കടലാസിൽത്തന്നെ. അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും അടുത്തിടെ സന്ദർശന ഫീസ് 40 രൂപയിൽ നിന്ന് 80 രൂപയാക്കാനും വാഹന പാർക്കിംഗ് ഫീസ് വർദ്ധിപ്പിക്കാനും വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നാലെ വന്ന പ്രതിഷേധത്തിൽ തീരുമാനം മാറ്റി.
പൊൻമുടിയിൽ ഇന്നലെ സഞ്ചാരികൾ എത്തിയവാഹനങ്ങൾ