പ്രജ്വൽ ജയിൽ ലൈബ്രറി ക്ലാർക്ക്; ദിവസക്കൂലി 522 രൂപ 

Monday 08 September 2025 12:35 AM IST

ബംഗളൂരു: മാനഭംഗത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുൻ ജെ.ഡി(എസ്) എം.പി പ്രജ്വൽ രേവണ്ണയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി ജോലി നൽകി. പ്രതിദിനം 522 രൂപയാണ് ശമ്പളം. മറ്റ് തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുക, എടുത്ത പുസ്തകങ്ങളുടെ രേഖകളും കണക്കും സൂക്ഷിക്കുക എന്നിവയാണ് ജോലിയെന്ന് ജയിൽ അധികൃതർ പറഞ്ഞു.

ജോലികൾ കൃത്യമായി പൂർത്തിയാക്കിയാലേ ശമ്പളം ലഭിക്കൂ. ജയിൽ നിയമങ്ങൾ അനുസരിച്ച്, ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള ജോലികൾ ചെയ്യേണ്ടതുണ്ട്, കൂടാതെ അവരുടെ കഴിവുകളും സന്നദ്ധതയും അനുസരിച്ചാണ് നിയമനങ്ങൾ നൽകുന്നത് ജയിൽ ഉദ്യോഗസ്ഥർ ഇന്നലെ പറഞ്ഞു. രേവണ്ണ ആദ്യം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ജയിൽ അധികൃതർ ലൈബ്രറിയിലേക്ക് മാറ്റുകയായിരുന്നു.

ഇതിനകം ആദ്യ ദിവസത്തെ ജോലി പൂർത്തിയാക്കി. തടവുകാർ ആഴ്ചയിൽ മൂന്ന് ദിവസം, മാസത്തിൽ കുറഞ്ഞത് 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടതുണ്ട്. മൈസൂരുവിൽ 47 വയസുള്ള വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തുകയും അത് റെക്കാഡ് ചെയ്ത് പ്രചരിപ്പിച്ചതിന് കഴിഞ്ഞ മാസം, രേവണ്ണയെ ജീവപര്യന്തം തടവിനും 11 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കഴിഞ്ഞ വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് രേവണ്ണ ചിത്രീകരിച്ച അശ്ലീല വിഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസുകൾ പുറത്തുവന്നത്. ഹാസനിൽ നിന്നുള്ള എൻ‌.ഡി.‌എ സ്ഥാനാർത്ഥിയായിരുന്നു രേവണ്ണ.