ഉപരാഷ്ട്രപതി  തിരഞ്ഞെടുപ്പ്, മനസു തുറക്കാതെ ബി.ജെ.‌ഡിയും ബി.ആർ.എസും 

Monday 08 September 2025 12:41 AM IST

ന്യൂഡൽഹി: നാളെ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന് മനസുതുറക്കാതെ ഏഴ് എം.പിമാരുള്ള ബി.ജെ.ഡിയും,നാല് അംഗങ്ങളുള്ള ബി.ആർ.എസും. ഒരു എം.പി വീതമുള്ള അകാലിദൾ, മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, മിസോറമിലെ സോറം പീപ്പിൾസ് മൂവ്മെന്റ്,​ മൂന്ന് സ്വതന്ത്രന്മാർ എന്നിവരും പിന്തുണ ആർക്കെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം,​ ആംആദ്മി പാ‌ർട്ടി 'ഇന്ത്യ' സഖ്യത്തിൽ നിന്ന് പുറത്തുപോയെങ്കിലും പിന്തുണ സുദർശൻ റെഡ്‌ഡിക്കാണ്. 10 എം.പിമാരാണ് ആംആദ്മിക്കുള്ളത്. ഒരു വോട്ടുള്ള അസദുദ്ദിൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം ഇന്നലെ 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ക്രോസ് വോട്ടിംഗ്

പാർട്ടി താത്പര്യങ്ങൾക്ക് അപ്പുറം രാജ്യത്തിന്റെ താത്പര്യത്തിന് എല്ലാ എം.പിമാരും മുൻതൂക്കം നൽകണമെന്ന് 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡി ഇന്നലെ അഭ്യ‌ർത്ഥിച്ചു. ഇന്ത്യയുടെ ആത്മാവിന് വേണ്ടിയാണ് വോട്ടു ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്രോസ് വോട്ടിംഗ് നടക്കുമോയെന്ന് ആകാംക്ഷ ഉയർന്നിട്ടുണ്ട്. രഹസ്യബാലറ്റ് ആയതിനാൽ മന:സാക്ഷി വോട്ടിന് സാദ്ധ്യത നിലനിൽക്കുന്നു. ഇരുമുന്നണികളും അതു മുൻകൂട്ടി കാണുന്നുമുണ്ട്. തെലുങ്ക് വികാരമുയർത്തി വൈ.എസ്.ആർ കോൺഗ്രസ് വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. 2022ൽ 528 വോട്ടു നേടിയാണ് ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിയായത്. എന്നാലിത്തവണ എൻ.‌ഡി.എ സ്ഥാനാർത്ഥിയുടെ വോട്ട് 500 കടന്നേക്കില്ല.

മോക്‌ഡ്രില്ലുമായി മുന്നണികൾ

വോട്ടുകൾ അസാധുവാകുന്ന സാഹചര്യമൊഴിവാക്കാനും,​ വോട്ടിംഗ് പ്രക്രിയ പുതിയ എം.പിമാർക്ക് വ്യക്തമാക്കി കൊടുക്കാനും 'ഇന്ത്യ' മുന്നണി ഇന്ന് പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ മോക്ഡ്രിൽ നടത്തും. കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ പ്രതിപക്ഷത്തെ എം.പിമാർക്ക് ഇന്ന് വൈകിട്ട് വിരുന്നൊരുക്കും. ബി.ജെ.പി എം.പിമാർക്കായി പാർലമെന്റ് കോംപ്ലക്‌സിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തിൽ ഇന്നലെ സംഘടിപ്പിച്ച ശില്പശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന നിരയിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. രണ്ടു ദിവസത്തെ ശില്പശാലയിൽ ഇന്ന് ബി.ജെ.പി എം.പിമാർക്കായി മോക്ഡ്രിൽ നടത്തും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകക്ഷി എം.പിമാർക്ക് വിരുന്നൊരുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.