മഴക്കെടുതി: ഉത്തരേന്ത്യയിൽ മരണം 700 കടന്നു, മോദി നാളെ പഞ്ചാബിൽ, ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം എട്ടായി

Monday 08 September 2025 12:44 AM IST

ന്യൂഡൽഹി: മഴക്കെടുതി തുടരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണസംഖ്യ 700 കടന്നു. കാലവർഷം തുടങ്ങിയതിനു ശേഷമുള്ള കണക്കാണിത്. ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 366 പേർ. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. പഞ്ചാബിലെ പ്രളയത്തിൽ മരണം 46 ആയി. നദികൾ കരകവിഞ്ഞ് 23 ജില്ലകളിലായി രണ്ടായിരത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 1.75 ഹെക്ടർ കൃഷിഭൂമി നശിച്ചു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു. പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രളയം നാശം വിതച്ച പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശിക്കും. ഗുർദാസ്‌പൂരിലെത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. 60,000 കോടി സഹായധനം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പഞ്ചാബ് ധനമന്ത്രി ഹർപൽ സിംഗ് ചീമ ആരോപിച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ ഹിമാചൽ പ്രദേശിലെ കുളു അഖാഡ ബസാറിലെ തിരച്ചിലിൽ ഇന്നലെ നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതിൽ മൂന്ന് പേർ ജമ്മു കാശ്മീർ സ്വദേശികളും ഒരാൾ നാട്ടുകാരനുമാണ്. ഇതോടെ മരണം എട്ട് ആയി.

യു.പിയിൽ 3 കുട്ടികൾ

മുങ്ങി മരിച്ചു

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മൂന്ന് കുട്ടികൾ ഗംഗാ നദിയിൽ മുങ്ങി മരിച്ചു. മനീഷ്, ശൗര്യ, നമൻ എന്നിവരാണ് മരിച്ചത്. നദിയിൽ കുളിക്കാൻ പോയ കുട്ടികൾ രാത്രി വൈകിയും മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഉത്തരകാശിയിൽ വീണ്ടും

മേഘവിസ്‌ഫോടനം

ജൂലായിൽ മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും നാശം വിതച്ച ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വീണ്ടും മേഘവിസ്‌ഫോടനം. ശനിയാഴ്ച അർദ്ധരാത്രി ഉത്തരകാശിയിലെ നൗഗോൺ പ്രദേശത്താണ് മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവുമുണ്ടായി. നിരവധി വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപറ്റി. ആളപായമില്ല. മിന്നൽ പ്രളയത്തെ തുടർന്ന് ഡൽഹി -യമുനോത്രി ദേശീയപാത അടച്ചു.

അപകടനിലയിൽ

യമുന

ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിന് മുകളിൽ തന്നെ തുടരുകയാണ്. മഴ കുറഞ്ഞതിനെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിൽ നിന്നും വെള്ളമിറങ്ങി തുടങ്ങി. നിഗംബോധ് ഘാട്ട് ശ്മശാനത്തിൽ വെള്ളം ഇറങ്ങിയതിനെ തുടർന്ന് ഇന്നലെ ശവസംസ്‌കാരം പുനരാരംഭിച്ചു. അതേസമയം, നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തക്കുകയാണ്.

സംസ്ഥാനങ്ങളിലെ മരണസംഖ്യ

ഹിമാചൽ പ്രദേശ്.....................366 രാജസ്ഥാൻ........................................193 ഉത്തരാഖണ്ഡ്................................79 പഞ്ചാബ്...............................................46 ജമ്മു കാശ്മീർ........................................41 ഹരിയാന................................................11