മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് ബി.ജെ.പി

Monday 08 September 2025 12:45 AM IST

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാക്കൾ ഗവർണർ അജയ് കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കുമെന്ന് റിപ്പോർട്ട്. ഇന്നലെയാണ് ഗവർണർ ഇംഫാലിലെ രാജ്ഭവനിൽ ഉന്നതതല യോഗം വിളിച്ചത്. മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, നിയമസഭാ സ്‌പീക്കർ തോക്ചം സത്യബ്രത സിംഗ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശാർദ ദേവി, ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ, സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്, പൊലീസ് ഡയറക്ടർ ജനറൽ രാജീവ് സിംഗ് എന്നിവരും എം.എൽ.എമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം 40 മിനിട്ട് നീണ്ടു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് യോഗമെന്നാണ് വിവരം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന മോദി 13ന് ഇംഫാലിലെത്തുമെന്നാണ് റിപ്പോർട്ട്.

സംഘർഷാവസ്ഥയിലായ മണിപ്പൂർ കഴിഞ്ഞ ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലാണ്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കണമെന്ന് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ആവശ്യം ഉയരുന്നുണ്ട്. അതിനിടെ ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടത് സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾക്കാണെന്ന അഭ്യൂഹമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ഉയരുന്നത്. 2023 മേയിൽ തുടങ്ങിയ കുക്കി-മെയ്‌തെയ് സംഘർഷത്തിൽ 260ലേരെ ആളുകളാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം ആളുകൾ പലായനം ചെയ്തു. നിരവധിയാളുകൾ ഇപ്പോഴും താത്കാലിക ക്യാകളിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം കുക്കി സംഘടനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിൽ ഒപ്പുവച്ചിരുന്നു. സമാധാനനീക്കങ്ങളുമായി സഹകരിക്കാനും ആയുധങ്ങൾ കൈമാറാനും കുക്കി സായുധ സംഘടനകൾ സമ്മതിച്ചിരുന്നു.