തിരഞ്ഞെടുപ്പ് തോൽവി തിരിച്ചടിയായി --- ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിക്ക്  എൽ.ഡി.പി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു

Monday 08 September 2025 6:54 AM IST

ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി പദം ഒഴിയുന്നതിന് മുന്നോടിയായി ഷിഗേരു ഇഷിബ (68) ഭരണകക്ഷിയായ എൽ.ഡി.പി (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ ഇഷിബ കാവൽ പ്രധാനമന്ത്രിയായി തുടരും.

പാർലമെന്റിന്റെ ഇരുസഭകളിലും എൽ.ഡി.പിയ്ക്ക് ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ പാർട്ടിയിൽ സമ്മർദ്ദം മുറുകിയതോടെയാണ് ഇഷിബയുടെ രാജി. പ്രധാനമന്ത്രി പദവിയിൽ 2028 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. 2024 ഒക്ടോബർ ഒന്നിനാണ് ഇഷിബ അധികാരത്തിലെത്തിയത്. രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.പി കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ രാജിയ്ക്കായി പാർട്ടിക്കുള്ളിലും ആവശ്യം ശക്തമായി. പുതിയ നേതൃത്വ തിരഞ്ഞെടുപ്പും പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇഷിബ പറഞ്ഞു.

സർക്കാരിന്റെ

ഭാവി തുലാസിൽ

മുൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ രാജിവച്ചതോടെയാണ് ഇഷിബ ചുമതലയേറ്റത്. എൽ.ഡി.പിയിലെ അഴിമതി വിവാദവും ജീവിതച്ചെലവ് കുതിച്ചുയർന്നതുമാണ് കിഷിദയുടെ രാജിയിലേക്ക് നയിച്ചത്. ഏകദേശം ഏഴ് ദശാബ്ദം ജപ്പാൻ ഭരിച്ച പാർട്ടിയാണ് എൽ.ഡി.പി. എന്നാൽ,ഇഷിബ അദ്ധ്യക്ഷനായിരിക്കെ കഴിഞ്ഞ ഒക്ടോബറിൽ പാർലമെന്റിന്റെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.പിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി.

2009ന് ശേഷം ആദ്യമായാണ് എൽ.ഡി.പിയ്ക്ക് ഭൂരിപക്ഷം നഷ്ടമായത്. 465ൽ 233 സീറ്റാണ് ഭൂരിപക്ഷം. എൽ.ഡി.പി 191 സീറ്റുകളിലേക്ക് ചുരുങ്ങി. സഖ്യ കക്ഷിയായ കൊമീറ്റോ പാർട്ടി 24 സീറ്റ് നേടി. മറ്റു പാർട്ടികളുടെ പിന്തുണയോടെ ഇഷിബ ഭരണം നിലനിറുത്തി. എന്നാൽ ജൂലായിൽ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും എൽ.ഡി.പിയ്ക്ക് ഭൂരിപക്ഷം നഷ്ടമായതോടെ സർക്കാരിന്റെ ഭാവി തുലാസിലായി.

എൽ.ഡി.പിയ്ക്ക്

അഗ്നിപരീക്ഷ

1. ഇനി എൽ.ഡി.പിയിൽ നേതൃത്വ തിരഞ്ഞെടുപ്പ് നടത്തും. അടുത്ത മാസമാകാനാണ് സാദ്ധ്യത. വിജയിക്ക് പാർലമെന്റിലെ വോട്ടിൽ ഭൂരിപക്ഷം ലഭിച്ചാൽ പ്രധാനമന്ത്രിയാകാം

2. ഭരണ സഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ എൽ.ഡി.പി നേതാവ് പ്രധാനമന്ത്രിയാകും എന്നതിൽ ഉറപ്പില്ല. പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ആത്മവിശ്വാസം എൽ.ഡി.പിയ്ക്കുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥി വിജയിക്കാനും സാദ്ധ്യത

3. മുതിർന്ന വനിതാ നേതാവ് സനേ തകൈചി, കൃഷി മന്ത്രി ഷിൻജിറോ കോയ്‌സുമി,​ ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി തുടങ്ങിയവർ എൽ.ഡി.പി നേതൃസ്ഥാനത്തേക്ക് മത്സരിച്ചേക്കും. തകൈചി വിജയിച്ചാൽ ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും