ത്വക്ക് ക്യാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയമായി ബൈഡൻ
വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ (82) ത്വക്ക് ക്യാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയമായി. കാൻസർ ബാധയുള്ള കോശങ്ങൾ പൂർണമായി നീക്കം ചെയ്തു. ശസ്ത്രക്രിയ എന്നായിരുന്നെന്ന് അദ്ദേഹത്തിന്റെ വക്താക്കൾ വ്യക്തമാക്കിയില്ല. നെറ്റിയുടെ വലതു ഭാഗത്ത് മുറിവുമായി ബൈഡൻ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു.
2023ലും ബൈഡന്റെ ത്വക്കിലെ കാൻസർ കോശങ്ങൾ നീക്കംചെയ്തിരുന്നു. മറ്റ് ശരീര ഭാഗങ്ങളിലേക്ക് പടരാത്ത ബേസൽ സെൽ കാർസിനോമ എന്ന ക്യാൻസർ വകഭേദമായിരുന്നു ഇത്. മെലനോമ പോലുള്ള ഗുരുതര സ്കിൻ കാൻസറിൽ നിന്ന് വ്യത്യസ്തമായി അപകട സാദ്ധ്യത കുറഞ്ഞവയാണ് ബേസൽ സെൽ കാർസിനോമ.
പ്രസിഡന്റ് ആകുന്നതിന് മുമ്പും ബൈഡന് നിരവധി നോൺ - മെലനോമ സ്കിൻ കാൻസറുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ അദ്ദേഹത്തിന് പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ക്യാൻസറിന്റെ തീവ്രരൂപമാണ് കണ്ടെത്തിയത്. രോഗം അദ്ദേഹത്തിന്റെ അസ്ഥികളിലേക്ക് പടർന്നിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.