കാർലോ അക്കൂത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

Monday 08 September 2025 7:07 AM IST

വത്തിക്കാൻ സിറ്റി: ഇറ്റാലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമർ കാർലോ അക്കൂത്തിസിനെ മില്ലേനിയൽ തലമുറയിലെ (1981–1996 കാലയളവിൽ ജനിച്ചവർ) ആദ്യ കത്തോലിക്കാ വിശുദ്ധനായി പ്രഖ്യാപിച്ച് ലി​യോ​ ​പ​തി​നാ​ലാ​മ​ൻ​ ​മാ​ർ​പാ​പ്പ​. വത്തിക്കാനിൽ ഇന്നലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70,​000ത്തോളം യുവ വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങുകൾ.

2006ൽ 15-ാം വയസിൽ രക്താർബുദം ബാധിച്ചായിരുന്നു കാർലോയുടെ മരണം. 1991 മേയ് 3ന് ലണ്ടനിൽ ജനിച്ച കാർലോ ദൈവത്തിലെ തന്റെ അടിയുറച്ച വിശ്വാസം പ്രചരിപ്പിക്കാൻ കമ്പ്യൂട്ടർ കോഡ് പഠിക്കുകയും വെബ്സൈറ്റുകൾ നിർമ്മിക്കുകയും ചെയ്തു.

പാവങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഇറ്റലിയിൽ നിന്നുള്ള പിയർ ജോർജിയോ ഫ്രസാറ്റിയേയും വിശുദ്ധനായി പ്രഖ്യാപിച്ചു. 1925ൽ 24 -ാം വയസിൽ പോളിയോ ബാധിച്ചായിരുന്നു ജോർജിയോയുടെ മരണം. മേയിൽ സ്ഥാനാരോഹിതനായ ശേഷം ലിയോ മാർപാപ്പ നടത്തിയ ആദ്യ വിശുദ്ധ പ്രഖ്യാപനമായിരുന്നു ഇന്നലത്തേത്. കാർലോയും ജോർജിയോയും വിശുദ്ധിയുടെയും പരസ്പര സഹായങ്ങളുടെയും മാതൃകകൾ ആയിരുന്നെന്ന് ലിയോ മാർപാപ്പ പറഞ്ഞു.

കാർലോയുടെ വിശുദ്ധ പ്രഖ്യാപനത്തിനായി കാത്തോലിക്കാ വിശ്വാസികളായ യുവാക്കൾ മാസങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഏപ്രിലിലാണ് പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. എന്നാൽ, ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ പശ്ചാത്തലത്തിൽ നീട്ടിവച്ചു.

മദ്ധ്യ ഇറ്റലിയിലെ അസ്സീസി പട്ടണത്തിലെ സാന്താ മരിയ മജോറി ചർച്ചിൽ കാർലോയുടെ ഭൗതികശരീരം സൂക്ഷിച്ചിട്ടുണ്ട്. കാർലോയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇത്. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രതിദിനം ഇവിടേക്കെത്തുന്നത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ വിശുദ്ധ ഫ്രാൻസിസിന്റെ ജന്മദേശമാണ് അസ്സീസി.

 ദൈവത്തിന്റെ ഇൻഫ്ലുവൻസർ

സമ്പന്ന ഇറ്റാലിയൻ കുടുംബങ്ങളിൽപ്പെട്ട ആൻഡ്രിയ അക്കൂത്തിസിന്റെയും ആന്റൊണിയ സാൽസാനോയുടെയും മകനാണ് കാർലോ. ലണ്ടനിലും ജർമ്മനിയിലും ജോലി ചെയ്തിരുന്ന ഇരുവരും കാർലോയുടെ ജനനത്തിന് പിന്നാലെ ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി.

കാർലോയുടെ മാതാപിതാക്കൾ മതവിശ്വാസത്തെ അടിയുറച്ച് പിന്തുടർന്നവർ ആയിരുന്നില്ല. മൂന്നാം വയസ് മുതൽ ദൈവത്തിലും പ്രാർത്ഥനയിലുമുള്ള വിശ്വാസം കാർലോ പ്രകടിപ്പിച്ചു തുടങ്ങി. വീടില്ലാതെ വഴിയിൽ തങ്ങിയവർക്ക് ഭക്ഷണവും സ്ലീപ്പിംഗ് ബാഗുകളും വെള്ളവും നൽകി.

അസ്സീസിയിലെ ഫ്രാൻസിസ് അടക്കം വിശുദ്ധരുടെ ജീവിതം പഠിച്ചു. കമ്പ്യൂട്ടറുകളോടും വീഡിയോ ഗെയിമിനോടും താത്പര്യമുണ്ടായിരുന്ന കാർലോ, തന്റെ വിശ്വാസങ്ങൾ പ്രചരിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനത്തെ ഉപയോഗപ്പെടുത്തി. 'ദൈവത്തിന്റെ ഇൻഫ്ലുവൻസർ" എന്ന പേരിലും കാർലോ ഇന്നറിയപ്പെടുന്നു.