യുക്രെയിനിൽ സർക്കാർ ആസ്ഥാനം ആക്രമിച്ച് റഷ്യ

Monday 08 September 2025 7:07 AM IST

കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിലുള്ള സർക്കാരിന്റെ ആസ്ഥാന മന്ദിരം ആക്രമിച്ച് റഷ്യ. മൂന്ന് വർഷമായി തുടരുന്ന സംഘർഷത്തിനിടെ ആദ്യമായാണ് ഈ കെട്ടിടത്തിന് നേരെ റഷ്യ വ്യോമാക്രമണം നടത്തുന്നത്. യുക്രെയിനിലെ മന്ത്രിമാരുടെ ഓഫീസുകൾ ഇവിടെയാണ്. കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും മുകൾ നിലകൾക്കും ഗുരുതരമായ നാശം സംഭവിച്ചു. ശക്തമായ തീപിടിത്തവുമുണ്ടായി. ആളപായമില്ല.

കീവ്, സെപൊറേഷ്യ, ക്രിവീ റീ, ഒഡേസ,​ സുമി,​ ചെർണീവ് തുടങ്ങിയ യുക്രെയിൻ നഗരങ്ങളെ ലക്ഷ്യമാക്കി 805 ആക്രമണ ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ ഇന്നലെ പുലർച്ചെ വിക്ഷേപിച്ചത്. ഒരു കൈക്കുഞ്ഞ് അടക്കം 4 പേർ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി കൊല്ലപ്പെട്ടു. ആക്രമണത്തെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അപലപിച്ചു.

റഷ്യൻ ആക്രമണത്തെ ചെറുക്കാൻ കൂടുതൽ സൈനിക സഹായം നൽകണമെന്ന് യുക്രെയിൻ പ്രധാനമന്ത്രി യൂലിയ സ്വിറൈഡെങ്കോ പാശ്ചാത്യ സഖ്യ കക്ഷികളോട് അഭ്യർത്ഥിച്ചു. യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രതലത്തിൽ ശ്രമങ്ങൾ തുടരവെയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്. റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ യുക്രെയിനും ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. റഷ്യയിലെ ബ്രയാൻസ്‌കിലുള്ള എണ്ണ പൈപ്പ് ലൈൻ യുക്രെയിൻ വീണ്ടും ആക്രമിച്ചു.