ട്രംപിന്റെ പ്രതികാര തീരുവയ്‌ക്കെതിരെ ഇന്ന് ബ്രിക്‌സ് ഓൺലൈൻ ഉച്ചകോടി
Monday 08 September 2025 7:07 AM IST
ന്യൂഡൽഹി: ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര തീരുവയ്‌ക്കെതിരെ ഒറ്രക്കെട്ടായി നീങ്ങുന്നതിന്റെ ഭാഗമായി ബ്രിക‌്സ് രാജ്യങ്ങളുടെ ഓൺലൈൻ ഉച്ചകോടി ഇന്ന് നടക്കും. ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവയാണ് ബ്രിക്‌സ് വിർച്വൽ യോഗം വിളിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും. സംയുക്ത പ്രസ്‌താവന പുറപ്പെടുവിച്ചേക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കളുടെ പേരുകൾ ബ്രസീൽ പരസ്യമാക്കിയിട്ടില്ല. ബ്രസീലിയൻ ഉത്പന്നങ്ങൾക്ക് 10ൽ നിന്ന് 50% തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തുന്നത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെയും 50% തീരുവ പ്രയോഗിച്ചിരിക്കുകയാണ്. ഇതിനെതിരെ കടുത്ത നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചത്.