കാറിന്റെ സൺറൂഫിലൂടെ തലയിട്ട് യാത്ര, കമ്പിയിൽ തലയിടിച്ച് ആറു വയസുകാരന് ഗുരുതര പരിക്ക്
Monday 08 September 2025 10:06 AM IST
ബംഗളൂരു: കാറിന്റെ സൺറൂഫിലൂടെ തലയിട്ട് അപകടയാത്ര നടത്തിയ ആറു വയസുകാരന് കമ്പിയിൽ തലയിടിച്ച് പരിക്ക്. ബംഗളൂരുവിലെ വിദ്യാരണ്യപുരയിൽ ശനിയാഴ്ചയാണ് സംഭവം. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡ് സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
കുട്ടിയെ സൺറൂഫിന് മുകളിൽ നിർത്തി അമിതവേഗത്തിൽ പോകുന്ന കാറിന്റെ ദൃശ്യങ്ങൾ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. വീഡിയോ മോട്ടോർവാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വാഹനമോടിച്ചയാൾക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ സഹോദരീഭർത്താവാണ് വാഹനമോടിച്ചിരുന്നത്. ഇയാൾക്കൊപ്പം ഒരു സ്ത്രീയും വാഹനത്തിലുണ്ടായിരുന്നു.