ലൈസൻസുണ്ടോ? കെഎസ്ആർടിസിയിൽ അവസരങ്ങൾ വന്നെത്തി, പത്താംക്ലാസുകാർക്ക് ജോലി നേടാം
കെഎസ്ആർടിസിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ പത്താം ക്ലാസ് പാസായവർക്ക് സുവർണാവസരം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കാണ് അവസരം വന്നിരിക്കുന്നത്. 500 ഒഴിവുകളാണുളളത്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. കെഎസ്ആര്‍ടിസിയുടെ നിലവിലെ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.
ട്രെയിനിംഗ് പൂര്‍ത്തീകരിക്കുന്നവര്‍ നിര്‍ബന്ധമായും സ്വിഫ്റ്റില്‍ രണ്ടുവര്‍ഷം (ഒരുവര്‍ഷം 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനമനുഷ്ഠിക്കണം. അല്ലെങ്കില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതല്ല. റാങ്ക് ലിസ്റ്റ് നിലവിൽ വന്നതുമുതല്‍ ഒരു വര്‍ഷക്കാലത്തേക്കാണ് കാലാവധി. യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക് cmd.kerala.gov.in സൈറ്റിൽ പ്രവേശിച്ചാൽ മതിയാകും. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 15ന് വൈകിട്ട് അഞ്ച് മണിവരെ.
തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിൽ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് നേടണം. അംഗീകൃത ബോര്‍ഡ്/സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിംഗിലുളള പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.
ശമ്പളം
എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അധിക സമയ അലവൻസായി നൽകും. അധിക വരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇന്‍സെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇന്‍സെന്റീവ് ബാറ്റയും നൽകും.