ജി.എസ്.ടി നിരക്ക് പരിഷ്‌കരണം: നികുതി കുറച്ചതിന്റെ നേട്ടം കിട്ടേണ്ടത് ജനങ്ങൾക്ക്
ജി.എസ്.ടി (ചരക്ക്, സേവന നികുതി) നിരക്ക് രണ്ട് സ്ലാബിലായി നിജപ്പെടുത്തിയ നിർദ്ദേശം കേന്ദ്രസർക്കാർ ഏകപക്ഷീയമായി മുന്നോട്ടുവച്ചതാണെങ്കിലും, അതിന്റെ യുക്തിയെ അംഗീകരിക്കുന്ന നിലപാടാണ് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേരളം സ്വീകരിച്ചത്. എന്നാൽ, സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരം ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.
നിരക്ക് കുറയ്ക്കലിന് ആനുപാതികമായ വിലക്കുറവ് ഉപഭോക്താവിന് ഉറപ്പാക്കാനുള്ള ഒരു നിർദ്ദേശവും കേന്ദ്ര സർക്കാരിന് വയ്ക്കാനായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
സിമന്റിന് നിലവിലുള്ള 28 ശതമാനം നികുതി 18 ശതമാനത്തിലേക്ക് എത്തുമ്പോൾ ഒരു ചാക്ക് സിമന്റിന് കുറഞ്ഞത് 30 രൂപ കുറയേണ്ടതാണ്. പക്ഷേ, ഇതു മനസിലാക്കി 30 മുതൽ 35 രൂപവരെ വില കൂട്ടാൻ സിമന്റ് കമ്പനികൾ മുൻകൂട്ടി നിശ്ചയിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഇൻഷ്വൻസ് പ്രീമിയത്തിനുള്ള നികുതി ഒഴിവാക്കലിന്റെ ഗുണം ഇൻഷ്വർ ചെയ്യുന്നവരിലേക്ക് എത്തുമോ എന്നതിൽ ഇൻഷ്വറൻസ് റഗുലേറ്റററി ആൻഡ് ഡവലപ്മെന്റ് അതോറിട്ടിതന്നെ സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. ഫലത്തിൽ നികുതി കുറവിന്റെ ഗുണം സാധാരണക്കാർക്ക് ലഭിക്കാതിരുന്നാൽ കമ്പനികൾക്കാണ് ഗുണം! നിലവിലെ നിരക്ക് കുറയ്ക്കൽ കാരണം കേരളത്തിന് ഏതാണ്ട് 8000 കോടി മുതൽ 10,000 കോടിരൂപ വരെ വാർഷിക വരുമാന നഷ്ടമുണ്ടാകാം. ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷ്വറൻസ്, ഇലക്‌ടോണിക്സ് എന്നീ നാല് മേഖലയിൽനിന്നു മാത്രം 2500 കോടി രൂപയുടെ വാർഷിക നഷ്ടമുണ്ടാകും. ജി.എസ്.ടിയുടെ എട്ടുവർഷത്തെ ചരിത്രം പരിശോധിച്ചാൽ നികുതി വരുമാനത്തിൽ കാര്യമായ വർദ്ധനയില്ലെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ വർഷം ജി.എസ്.ടി വഴി ലഭിച്ചത് 32,773 കോടി രൂപയാണ്. 2017നു മുമ്പുള്ള പത്തു വർഷങ്ങളിൽ തുടർന്ന മൊത്ത വാർഷിക നികുതി വളർച്ചാ നിരക്ക് (ശതമാനം)പരിഗണിച്ചാൽ, കഴിഞ്ഞ വർഷം ലഭിക്കേണ്ടിയിരുന്നത് 60,377കോടി രൂപയും! അപ്പോൾ, ജി.എസ്.ടി നടപ്പായതു മൂലം കഴിഞ്ഞ വർഷം കേരളത്തിനുണ്ടായ വരുമാന നഷ്ടം 32,773 കോടി രൂപയാണ്.
സംസ്ഥാനങ്ങൾക്ക് 14 ശതമാനം വാർഷിക വരുമാന വളർച്ച ലഭിക്കാത്ത സാഹചര്യത്തിൽ അനുവദിച്ച നഷ്ടപരിഹാരവും 2022 ജൂണിൽ അവസാനിപ്പിച്ചു. നഷ്ടപരിഹാര സംവിധാനം തുടർന്നിരുന്നെങ്കിൽ, 2024- 25ൽ കേരളത്തിന് 54,000 കോടി രുപ ലഭിക്കുമായിരുന്നു. ഈ രീതിയിൽ പഴയ നികുതി സമ്പ്രദായത്തിൽ ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഭീമമായി വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുകയാണ്.
നിരക്ക് മാറ്റം സംസ്ഥാനങ്ങളുടെ ധനകാര്യത്തിലും കേന്ദ്ര ഖജനാവിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യക്തതയില്ല എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഉയർന്ന നിരക്കിലുള്ള ഉത്പന്നങ്ങൾക്ക് കൂടുതൽ ഉപഭോഗമുള്ള കേരളത്തിന്, ഇവയുടെ നിരക്കിൽ വരുത്തുന്ന വലിയ കുറവ് വരുമാനത്തെ ഗണ്യമായി ബാധിക്കും. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന്റെ നഷ്ടം വളരെ വലുതായിരിക്കും. 28, 18 ശതമാന നിരക്കിൽ നികുതി ഈടാക്കിയിരുന്ന ഉത്പന്നങ്ങൾ വഴിയാണ് കേരളത്തിന് ജി.എസ്.ടിയുടെ 78 ശതമാനവും ലഭിക്കുന്നത്. ഇത്തരം ഇനങ്ങളുടെ നികുതിയിൽ വരുത്തിയ കുറവുകൾ കേരളത്തെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തതയില്ല.
വരുമാന നഷ്ടം വർദ്ധിക്കും
ജി.എസ്.ടി നടപ്പാക്കുമ്പോൾ വരുമാനം ഉയരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 2017-ൽ ജി.എസ്.ടി നടപ്പാക്കിയതു മുതൽ കേരളത്തിന്റെ വരുമാനം കുറയുകയായിരുന്നു. 2022 വരെയുള്ള കാലയളവിൽ നഷ്ടപരിഹാരമാണ് വരുമാന നഷ്ടം നികത്തിയിരുന്നത്. 2017- 18ലെ 2102 കോടി രൂപയിൽ നിന്ന് 2018-19ൽ 3532 കോടി രൂപയായും, 2019-20ൽ 8111 കോടി രൂപയായും നികുതിനഷ്ടം ഉയർന്നു. 2017-18നും 2022-23നും ഇടയിൽ കേരളത്തിന്റെ സംരക്ഷിത വരുമാനവും യഥാർത്ഥ ജി.എസ്.സ്ടി വരുമാനവും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരികയാണ്.
2019- 20ൽ 28,416 കോടി രൂപയുടെ സംരക്ഷിത വരുമാനത്തിൽ, സംസ്ഥാനത്തിന്റെ സ്വന്തം ജി.എസ്.ടി വരുമാനങ്ങളും അഡ്‌ഹോക്ക് സെറ്റിൽമെന്റുകളും ചേർന്ന് തുക 20,316 കോടി രൂപ മാത്രമാണ്. 8100 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിക്കേണ്ടിവന്നു. 2020- 21ൽ സംരക്ഷിത വരുമാനം 32,400 കോടി രൂപയായിരുന്നു. ജി.എസ്.ടി വരുമാനങ്ങളും അഡ്‌ഹോക്ക് സെറ്റിൽമെന്റുകളുമായി ലഭിച്ചത് 19,559 കോടിരൂപയും. നഷ്ടപരിഹാര തുക 12,841 കോടിയായി ഉയർന്നു.
ചെലവ് ചുരുക്കൽ സാദ്ധ്യമല്ല
പ്രായമാകുന്നവരുടെ സംഖ്യാ വർദ്ധന, കാലാവസ്ഥാ വ്യതിയാനവും ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങളും, വിപുലമായ സാമൂഹിക, അടിസ്ഥാനസൗകര്യ വികസനം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ പൊതു ചെലവ് ഉയർത്തുന്നു. അതിനിടയിൽ നടപ്പാക്കുന്ന നികുതി പരിഷ്‌കരണം കേരളത്തിന്റെ പരിമിതമായ സാമ്പത്തിക ഇടത്തെ കൂടുതൽ ചുരുക്കും. സാമ്പത്തിക വർഷത്തിന്റെ മദ്ധ്യത്തിൽ സംഭവിക്കുന്ന നിരക്ക് മാറ്റവും വരുമാന നഷ്ടവും ബഡ്‌ജറ്റ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് വെല്ലുവിളിയാകും. പൊരുത്തക്കേട് ധനകാര്യ ആസൂത്രണത്തെയടക്കം വലിയതോതിൽ ബാധിക്കാം. ഐ.ജി.എസ്.ടി തീർപ്പാക്കൽ സംബന്ധിച്ച് വ്യവസ്ഥാപരമായ ആശങ്കകളും കേരളം മുന്നോട്ടുവച്ച മറ്റൊരു പ്രശ്നമാണ്. അന്തർസംസ്ഥാന ഇടപാടുകളിൽ, ചരക്കിന്റെയോ സേവനത്തിന്റെയോ ഉപയോഗസ്ഥലം ബില്ലുകളിൽ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണ്. കേരളത്തിന് സ്വന്തം നികുതി വരുമാനത്തിന്റെ ഏകദേശം 41 ശതമാനമാണ് ജി.എസ്.ടി നിന്ന് ലഭിക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചുള്ള നിർദ്ദേശങ്ങളാണ് കേരളം കൗൺസിലിനു മുന്നിൽ വച്ചത്.
സംസ്ഥാന വരുമാനം സംരക്ഷിക്കുന്നതിന് അധിക ലെവി സംവിധാനം അവതരിപ്പിക്കണമെന്നതായിരുന്നു ആദ്യ നിർദ്ദേശം. വരുമാനക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക സെസുകൾ ചുമത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണം, വരുമാനം പങ്കിടീലിലെ കേന്ദ്ര- സംസ്ഥാന അനുപാതം 40:60 ആക്കണം, ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതി നിരക്കും സാധാരണക്കാർ ഉപയോഗിക്കുന്ന അവശ്യവസ്തുക്കൾക്ക് ഗണ്യമായി കുറഞ്ഞ നിരക്കും ചുമത്തുന്ന നികുതി സമ്പ്രദായം നടപ്പാക്കണം എന്നിങ്ങനെ വ്യക്തമായ നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചെങ്കിലും കേന്ദ്ര സർക്കാർ ഗൗരവത്തിൽ എടുത്തിട്ടില്ല.
സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കപ്പെടുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് നികുതിനിർണയ അധികാരം സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്. എന്നാൽ, എട്ട് വർഷങ്ങൾക്കു ശേഷവും ഈ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റപ്പെട്ടിട്ടില്ല. അതിനാലാണ് കേരളം സുചിന്തിതമായ ആശങ്കകൾ കൗൺസിലിനു മുന്നിൽ വച്ചത്. ധനകാര്യ ഫെഡറലിസം സംരക്ഷിക്കുന്നതിനു മാത്രമല്ല, ജി.എസ്.ടി സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ വിശ്വാസം നിലനിറുത്തുന്നതിനും സംസ്ഥാന വരുമാനം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ മാത്രമേ ജി.എസ്.ടിയുടെ യഥാർത്ഥ സാദ്ധ്യതകൾ തിരിച്ചറിയാനും രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ആനുകൂല്യങ്ങൾ നൽകാനും കഴിയൂ. അതിനായുള്ള ആശയങ്ങളാണ് കേരളമടക്കം എട്ട് സംസ്ഥാനങ്ങൾ യോഗത്തിൽ സമർപ്പിച്ചത്. അവ പൂർണമായും അവഗണിക്കപ്പെടുന്നുവെന്നത് നിരാശാജനകവും പ്രതിഷേധാർഹവുമാണ്.
ലോട്ടറിയെ ബാധിക്കും
സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറി കേരളത്തിൽ മാത്രമാണുള്ളത്. അതിനെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിതരണക്കാരും ടിക്കറ്റ് വില്പക്കാരുമായി രണ്ടു ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് കേരള ലോട്ടറി സംവിധാനം. ജി.എസ്.സ്ടി വർദ്ധനവ് ടിക്കറ്റ് വില്പന കുറയ്ക്കുകയും ദുർബല വിഭാഗങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യും. അതിനാൽ, സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെ നിലവിലെ നിരക്ക് മാറ്റ നിർദ്ദേശത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചതേയില്ല. പേപ്പർ ലോട്ടറിയുടെ നിലവിലെ 28 ശതമാനം നികുതി നിരക്ക് തുടരാൻ വലിയ പോരാട്ടം ഏറ്റെടുക്കേണ്ടിവരും.
കൗൺസിലിനോട് കേരളം പറഞ്ഞത്
1. നികുതി ഇളവിന്റെ ഭാഗമായി സാധാരണ ഉപഭോക്താവിന് വിലക്കുറവ് ലഭിക്കേണ്ടതിനു പകരം കമ്പനികൾക്ക് അധികലാഭം കൊയ്യാനുള്ള അവസരമുണ്ടാകരുത്.
2. നികുതി വെട്ടിക്കുറവു മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ നിശ്ചിത കാലത്തേക്കെങ്കിലും നഷ്ടപരിഹാര പദ്ധതി നടപ്പാക്കണം.
3. കേരള ലോട്ടറിയെ ചൂതാട്ടത്തിനും കാസിനോകൾക്കുമുള്ള 40 ശതമാനം നികുതി പട്ടികയിൽ ഉൾപ്പെടുത്തിയത് പിൻവലിച്ച്, സഹായകമായ നികുതി നിശ്ചയിക്കണം.