ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടം
മാതൃ - ശിശു സംരക്ഷണത്തിൽ കേരളത്തിലെ പൊതുജനാരോഗ്യ രംഗം വലിയൊരു നേട്ടം കൈവരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായാണ് കേരളം മാറിയിരിക്കുന്നത്. ഇന്ത്യയിൽ ജനിക്കുന്ന 1000 ശിശുക്കളിൽ 25 പേർ മരിക്കുന്നിടത്ത് കേരളത്തിൽ അത് അഞ്ച് മാത്രമാണ്. സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിലാണ് ദേശീയ ശരാശരി 25 ആയിരിക്കെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് അഞ്ചായി രേഖപ്പെടുത്തിയിരിക്കുന്നത്. പല പരിമിതികൾക്കിടയിലും ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പൊതുജനാരോഗ്യ സംവിധാനം ആരോഗ്യകരമായിത്തന്നെ പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്ന വലിയ നേട്ടം തന്നെയാണിത്.
ഒരു നാട് വികസിതമാണോ അവികസിതമാണോ എന്ന് തിരിച്ചറിയുന്നതിന് ശിശുമരണനിരക്കിലെ കുറവും ആയുർദൈർഘ്യത്തിന്റെ കൂടുതലും മാനദണ്ഡങ്ങളായി കണക്കാക്കാറുണ്ട്. ആ രീതിയിൽ നോക്കുമ്പോൾ ലോകത്തെ വികസിത രാജ്യങ്ങൾക്കും മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. 2019 - 20 മുതൽ നിതി ആയോഗിന്റെ ആരോഗ്യ സൂചികാ റാങ്കിംഗിൽ കേരളത്തിന്റെ സ്ഥാനം ഒന്നാമതാണ്. ആയുർദൈർഘ്യത്തിന്റെ ആഗോള ശരാശരി 73.5 ആയിരിക്കെ കേരളത്തിൽ അത് 77 ആണ്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശിശുമരണ നിരക്ക് 37 ആണ്. മാത്രമല്ല, നഗരങ്ങളിലെ ശിശുമരണ നിരക്കും ഗ്രാമങ്ങളിലെ ശിശുമരണ നിരക്കും തമ്മിൽ വലിയ അന്തരവുമുണ്ട്. കേരളത്തിലാകട്ടെ അങ്ങനെയൊരു അന്തരമില്ല. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ശിശുമരണ നിരക്ക് അഞ്ച് ആയിത്തന്നെ നിൽക്കുന്നു.
സ്‌ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയുടെ ചികിത്സാ മികവുകൾ ലോക നിലവാരം പുലർത്തുന്നതാണ്. ഇത്തരം സ്ഥാപനങ്ങളുടെ യഥാർത്ഥ സംഭാവനകൾ തിരിച്ചറിയാതെ, ചെറിയ പിഴവുകൾക്കു പോലും ആരോഗ്യരംഗത്തെ കരിതേച്ചു കാണിക്കുന്ന ഒരു പ്രവണത ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. ലോകത്തെ പല വികസിത രാജ്യങ്ങളിലെയും ചികിത്സാ മേഖല സ്വകാര്യ രംഗത്തിന്റെയും ഇൻഷ്വറൻസ് കമ്പനികളുടെയും പിടിയിലാണ്. ഒരു അസുഖം വന്നാൽ ഡോക്ടറുടെ അപ്പോയിൻമെന്റ് കിട്ടാൻ തന്നെ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയും ഇത്തരം രാജ്യങ്ങളിലുണ്ട്. അതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ എന്തുകൊണ്ടും ജനോപകാരപ്രദവും ജനസൗഹൃദവുമായ ആരോഗ്യരംഗമാണ് കേരളത്തിലേത് എന്ന് നിസ്സംശയം പറയാനാകും.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ പ്രസവങ്ങൾ പൂർണമായിത്തന്നെ ആശുപത്രികളിലാണ് നടക്കുന്നത്. ഇതേ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളും- നിരക്ക് കൂടുതലാണെങ്കിലും മികച്ച സേവനമാണ് പ്രദാനം ചെയ്യുന്നത്. പ്രസവത്തിൽ മരണപ്പെടുന്ന സ്‌ത്രീകളുടെ നിരക്ക് കേരളത്തിൽ ഒരു ലക്ഷത്തിൽ 46 മാത്രമാണ്. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഇവിടത്തെ സാധാരണക്കാരായ രോഗികൾക്കു നൽകുന്ന ചികിത്സയും സേവനങ്ങളും മറ്റേതൊരു സംസ്ഥാനത്ത് ലഭിക്കുന്നതിനേക്കാൾ മികവുറ്റതാണ്. അതേസമയം ഇനിയും പരിഹരിക്കേണ്ടുന്ന നിരവധി തകരാറുകളും ഈ സംവിധാനത്തിൽ കടന്നുകൂടിയിട്ടുണ്ടെന്നതും കാണാതിരുന്നുകൂടാ. ഇത് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അവരെ ബലിയാടാക്കുന്ന സമീപനം അധികാരികളിൽ നിന്നുണ്ടാകുന്നത് കരണീയമല്ല. തെറ്റുകുറ്റങ്ങൾ പരിഹരിച്ച് മുന്നോട്ടു പോയാൽ പൊതുജനാരോഗ്യരംഗത്ത് കേരളത്തിന് ഇനിയും അദ്‌ഭുതങ്ങൾ പ്രദാനം ചെയ്യാനാകും.