പല്ലശ്ശനയിലെ 'തല്ലു'മേളം

Tuesday 09 September 2025 3:02 AM IST

ഓണപ്പൊട്ടനും കുമ്മാട്ടിയും വള്ളംകളിയുമൊക്കെ ഓണനാളുകൾക്ക് നിറക്കൂട്ടൊരുക്കുമ്പോൾ പാലക്കാട് ജില്ലയിലെ പല്ലശ്ശനയിൽ ആചാരങ്ങളുടെ കണ്ണി മുറിയാതെ ഓണത്തല്ലിനാണ് അരങ്ങുണരുക. മാമാങ്കത്തിന്റെ നാടായ നിളയുടെ കര ചേർന്നു കിടക്കുന്ന പല്ലശ്ശനയിലെ നാട്ടിടവഴികളിൽ 'പൂവേ... പൊലി പൂവേ...' എന്ന പൂപ്പൊലിയല്ല നിറയുക. യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും ചോരയുടെയും ഓർമ്മ നിറയ്ക്കുന്ന 'ഹയ്യത്തട... യ്... ദു' പോർവിളികളാണ്.

ദേശപ്പെരുമയും ദേശമക്കളുടെ ഒരുമയും വിളിച്ചോതിയാണ് പല്ലശ്ശനയിൽ തിരുവോണം, അവിട്ടം നാളുകളിൽ ഓണത്തല്ല് നടന്നത്. പണ്ട് എന്നോ... ശത്രുരാജാവിനെതിരേ ദേശമക്കൾ നടത്തിയ പോർവിളിയുടെ വീരസ്മരണകൾ അയവിറക്കുകയാണ് ഈ ഓണക്കാല ആചാരം. സാമൂതിരിക്കാലം മുതൽ ആരംഭിച്ച ഓണത്തല്ല് ഇന്നും മുടങ്ങാതെ തുടരുന്നു. ഈ നാട്ടിലെ കാറ്റിനു പോലും വീറും വാശിയും കൂടുതലുള്ളപ്പോൾ ഇവർക്കെങ്ങനെ ഓണത്തിനു തല്ലുകൂടാതിരിക്കാനാകും. നാടുവാഴിയുടെ ചോരയ്ക്കു പകരം ചോദിക്കാൻ കച്ച കെട്ടിയിറങ്ങിയ പാരമ്പര്യത്തിൽ നിന്നുകൂടി വേണം ഇന്നാട്ടിലെ ഓണത്തല്ലിന്റെ കഥ കേട്ടുതുടങ്ങാൻ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തല്ലുമന്ദം, വേട്ടക്കരുമൻ ക്ഷേത്രാങ്കണം, പഴയകാവ് ക്ഷേത്രാങ്കണം എന്നിവിടങ്ങളിൽ ആറു ചേരികളിലായാണ് പല്ലശ്ശനയിലെ വിവിധ ദേശക്കാർ പതിവുപോലെ തല്ലിനിറങ്ങിയത്.

ഓണത്തല്ലിന്റെ ഐതിഹ്യം

സാമൂതിരിയുടെ സാമന്തന്മാരായിരുന്ന പല്ലശ്ശന കുറൂർ നമ്പിടിയെ യുദ്ധത്തിൽ അയൽ നാടുവാഴിയായ കുതിരവട്ടത്തു നായർ ചതിച്ചു കൊന്നു. ഇതറിഞ്ഞു പ്രതികാരം ചെയ്യാൻ പല്ലശ്ശന ദേശവാസികൾ തീരുമാനിക്കുന്നു. ഈ നാടുകൾ തമ്മിലുള്ള പക ദീർഘകാലം നീണ്ടു നിൽക്കുന്നു. ഒടുവിൽ സാമൂതിരി തന്നെ ഇടപെട്ട് ഒത്തു തീർപ്പുണ്ടാക്കി. ഇതുപ്രകാരം നാട്ടുരാജാവിനെ നഷ്ടപ്പെട്ട പല്ലശ്ശന ദേശവാസികൾക്കു രാജാവിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കാനും ആരാധിക്കാനുമായി വേട്ടയ്‌ക്കൊരുമകന്റെ വിഗ്രഹം സാമൂതിരി നൽകി എന്നാണു വിശ്വാസം. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികൾ ശത്രുവിനെ പോർ വിളിച്ചതിന്റെ വീരസ്മരണ നിലനിറുത്താനാണ് എല്ലാവർഷവും ഓണത്തല്ല് നടത്തുന്നത്.

പ്രചാരത്തിലുള്ള മറ്റൊരു കഥ

തിരുവോണം നാളിലും അവിട്ടം നാളിലും പല്ലശ്ശനയിൽ നടക്കുന്ന ഓണത്തല്ലിന് ക്ഷേത്രാചാരങ്ങളുമായി ബന്ധമുണ്ട്. ഇതിനു പിന്നിൽ മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. 'നരബലി പതിവായ കാലം ഊഴപ്രകാരം അന്നേ ദിവസം ബലി നൽകേണ്ട വീട്ടിൽ അമ്മയ്ക്ക് ആകെയൊരു ആൺകുട്ടിയേ ഉള്ളൂ. ബാല്യം വിടാത്ത മകനെ ബലി നൽകുന്നതിന്റെ വേദനയിൽ ക്ഷേത്രനടയിലെത്തി അമ്മ കരഞ്ഞു പ്രാർത്ഥിച്ചു.

അടുത്ത നിമിഷം ഒരു അശരീരി കേട്ടു. 'ഇനി മുതൽ നരബലി വേണ്ട. പകരമായി അവിട്ടദിനത്തിൽ കരക്കാർ അടിച്ചു പിരിഞ്ഞാൽ മതി. അന്നുതൊട്ട് എല്ലാ വർഷവും നാട്ടിലെ ആൺതരികൾ വേട്ടക്കൊരുമൻ ക്ഷേത്രമുറ്റത്തെത്തി ഓണത്തല്ലിൽ പങ്കെടുക്കും. ഒന്നും ഒന്നരയും വയസുള്ള കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവർ വരെ ചടങ്ങുകൾക്കെത്തുന്നത് ഈ വിശ്വാസത്തിന്റെ ചുവടു പിടിച്ചാണ്. തിരുവോണ നാളിലാണ് ചെറിയ കുട്ടികളെ ക്ഷേത്രത്തിലെ തല്ലിൽ പങ്കെടുപ്പിക്കുന്നത്. മുതിർന്നവരുടെ ചിട്ടപ്രകാരമുള്ള തല്ല് അവിട്ടം നാളിൽ ക്ഷേത്രമുറ്റത്ത് നടക്കും

തല്ലുമന്ദത്തെ ഓണത്തല്ല്

തിരുവോണ നാളിൽ വിവിധ സമുദായക്കാരുടെ ഓണത്തല്ലിന് ഏഴുകുടി സമുദായക്കാർ കളരിയിൽ നിന്നും ഒരുകുടി സമുദായം തല്ലുമന്ദം ഭഗവതി ക്ഷേത്രത്തിൽ നിന്നും കച്ചകെട്ടി വരി നിരന്നാണ് എഴുന്നള്ളുക. ദേശ പ്രധാനികൾ മുന്നിലും മറ്റുള്ളവർ പിന്നിലുമായി അണിനിരക്കും. ആർപ്പുവിളികളുമായി തല്ലുമന്ദത്തു നിരന്ന ശേഷം സമപ്രായക്കാർ പരസ്പരം വിളിച്ചു ചോദിച്ചാണു തല്ലു നടത്തുക. തിരുവോണനാളിൽ പല്ലശ്ശന പഴയകാവ് മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ മന്നാടിയാർ സമുദായത്തിന്റെ നേതൃത്വത്തിലും ഓണത്തല്ലുണ്ട്.

അവിട്ടം നാളിൽ വേട്ടയ്‌ക്കൊരുമൻ ക്ഷേത്രത്തിൽ നടക്കുന്ന നായർ സമുദായത്തിന്റെ അവിട്ടത്തല്ലിൽ ഭസ്മക്കുറിയണിഞ്ഞു പോർ വിളിയും ആർപ്പു വിളിയും നടത്തി കിഴക്ക്, പടിഞ്ഞാറു മുറിക്കാർ ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിൽ നിന്നു പുണ്യാഹം തളിക്കുന്നതോടെ വിധി പ്രകാരം മൂന്നുതവണ നിരയോട്ടം നടത്തും. ഇതിനുശേഷം കാരണവന്മാർ സമപ്രായക്കാരായ തല്ലുകൊള്ളുന്നവരെ കൈയുയർത്തി നിറുത്തും. ഈ ജോടിയെ ആട്ടി എന്നാണ് വിളിക്കുന്നത്. പിൻതിരിഞ്ഞു നിൽക്കുന്നയാളിന്റെ മുതുകത്ത് കൈപ്പത്തി പരത്തി ആഞ്ഞടിക്കും. മുഷ്ടി ചുരുട്ടി ഇടിക്കാനോ മുട്ടുപയോഗിച്ച് മർദ്ദിക്കാനോ പാടില്ല, അടി തടയാനുമാകില്ല. ആദ്യം അടിച്ചയാൾ പിൻതിരിഞ്ഞു നിൽക്കുമ്പോൾ കിട്ടിയ അടി തിരിച്ചുകൊടുക്കാം. തല്ല് കഴിഞ്ഞ് ധൂയ്, ധൂയ് എന്ന ആർപ്പുവിളികളോടെ വെള്ളത്തിലേക്ക് എടുത്തുചാടും. ഓണത്തല്ലിനു പതിക്കാട്ടിൽ വീട്ടിലെ ആൺതരിയാണ് ദേശവാഴിയായി എത്തുന്നത്. നാഞ്ചാ വീട്ടിൽ നിന്നു നാടുവാഴിയും വരും. പാലുള്ള മരത്തിന്റെ വടി ചെത്തിയെടുത്ത് നീലവും വെള്ളയും ചാർത്തി അനുഷ്ഠാനത്തോടെ എത്തിക്കും. ദക്ഷിണ കൊടുത്ത് സ്വീകരിക്കുന്നതോടെ ഈ വടി അധികാരമായി മാറും. തല്ല് കഴിഞ്ഞശേഷം അടുത്ത ഓണത്തല്ലിനു കാണാമെന്ന് ഉപചാരം ചൊല്ലി ദേശവാസികൾ പിരിയും. തിരുവോണത്തിനു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ കുട്ടികളുടെ തല്ലു നടത്തുന്നൊരു പതിവുമുണ്ട്.

'പല്ലവ ഊരി"ന്റെ പെരുമ

പല്ലവ സേന തമ്പടിച്ചിരുന്ന സ്ഥലമാണ് കാലക്രമത്തിൽ പല്ലശ്ശനയായി പരിണമിച്ചതെന്നു ചില രേഖകളിൽ പറയുന്നു. പല്ലാവൂരിന്റെ വടക്കേ അതിർത്തിയായ കരോട്ടുമലയുടെ താഴെ 1964ൽ ഖനനം നടത്തിയപ്പോൾ ലഭിച്ച നാണയങ്ങളും ലിഖിതങ്ങളും പല്ലവകാലത്തുള്ളതാണെന്ന് അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തിന്റെ അക്കാലത്തെ നാമം 'പല്ലവ ഊര് " എന്നായിരുന്നുവെന്നും പിന്നീട് അതു ലോപിച്ചാകണം പല്ലാവൂർ ഉണ്ടായതെന്നും പറയുന്നു. സംഘകാലത്തെ കല്ലറകളും നടുക്കല്ലുകളും പല്ലശ്ശനയുടെ പലഭാഗത്തും ഇന്നും കാണാനുണ്ട്. പല്ലശ്ശന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൂടല്ലൂർ. പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്ന് ഉത്ഭവിക്കുന്ന ഗായത്രിപ്പുഴയും നെല്ലിയാമ്പതി മലനിരകളിൽ നിന്നു വരുന്ന പുഴയും കൂടിച്ചേരുന്നത് ഇവിടെ വച്ചാണ്. അതുകൊണ്ടാവാം ഈ പ്രദേശത്തിന് കൂടല്ലൂർ എന്ന പേരു വന്നതെന്നും സൂചനയുണ്ട്. ചരിത്രപ്പെരുമയ്‌ക്കൊപ്പം തന്നെ പറയാനുള്ളതാണു പല്ലശ്ശനയുടെയും പല്ലാവൂരിന്റെയും വാദ്യപ്പെരുമ. പല്ലാവൂർ ത്രയത്തിന്റെ പേരും പുകഴും ലോകം മുഴുവൻ ഇന്നും വാദ്യാസ്വാദകരുടെ ഹൃദയം കവരുന്നതാണ്. അതിനൊപ്പം തന്നെ തലയെടുപ്പുള്ള ഒട്ടേറെ കലാകാരന്മാരെ ഈ നാട് വാദ്യ ലോകത്തിനു നൽകിയിട്ടുണ്ട്.