വയനാട്ടിലെ കോൺഗ്രസിന് ഇതെന്ത് പറ്റി?
ഒരുകാലത്ത് നക്സലൈറ്റ് ആക്രമണം നടന്ന വയനാട്ടിലെ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആരും മറക്കാനിടയില്ല. കെ. അജിതയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണം ഇപ്പോഴും നടുക്കുന്ന ഓർമ്മയാണ്. ചരിത്രത്തിൽ ഇടം പിടിച്ച പൊലീസ് സ്റ്റേഷൻ ഇന്ന് കാള പെറ്റെന്ന് കേട്ടാൽ മതി, കയറുമായി ഓടിയെത്തും. ഫലമോ? നിരപരാധിയായ ഒരു കർഷകന് പതിനേഴ് ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. കുന്നംകുളം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കസ്റ്റഡി മർദ്ദനത്തിന്റെ പശ്ചാത്തലത്തിലാണ് പുൽപ്പള്ളി പൊലീസിന്റെ തലതിരഞ്ഞ നടപടിയും ശ്രദ്ധിക്കപ്പെട്ടത്. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനാണ് തിരുവോണ നാളിൽ പോലും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിൽ കഴിക്കേണ്ടി വന്നത്. തങ്കച്ചനും കുടുംബത്തിനുമുണ്ടായ മാനഹാനിക്ക് ആര് ഉത്തരം പറയും ?
കുടുക്കിയത് സ്വന്തം
പാർട്ടിയിലുള്ളവർ ?
തങ്കച്ചൻ ചെയ്ത തെറ്റ് എന്താണ്? ജീവന് തുല്യം സ്വന്തം പ്രസ്ഥാനത്തെ സ്നേഹിച്ചു. അതിനുവേണ്ടി വിയർപ്പൊഴുക്കി. വയനാട്ടിൽ കോൺഗ്രസിന് ഏറ്റവും വേരോട്ടമുള്ള മുള്ളൻകൊല്ലിയിൽ കോൺഗ്രസിനെ വളർത്താൻ തങ്കച്ചനും ആവുന്നതൊക്കെ ചെയ്തു. പക്ഷെ കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ബലിയാടായി. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണനെ അനുസരിക്കുന്നത് ഡി.സി.സി പ്രസിഡന്റിനും കൂട്ടർക്കും അത്ര രസിക്കുന്ന കാര്യമല്ല. രാഷ്ട്രീയ പ്രതിയോഗികളോട് പോലും ചെയ്യരുതാത്ത പാതകമാണ് തങ്കച്ചനോട് കോൺഗ്രസിലെ ഒരു വിഭാഗം ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 22ന് രാത്രിയിൽ രഹസ്യ വിവരത്തെ തുടർന്ന് തങ്കച്ചന്റെ വരവൂരിലെ വീട്ടിലേയ്ക്കെത്തിയ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഏമാന്മാർ, എന്തോ വച്ചത് എടുക്കാൻ വരുന്നതുപോലെ കതകിന് മുട്ടി വിളിച്ച് വീട്ടുകാരെ ഉണർത്തുന്നു. ശേഷം കാർ പോർച്ചിൽ കാറിന്റെ അടിവശത്തുള്ള പായ്ക്കറ്റ് എടുത്ത് കൊടുക്കാൻ തങ്കച്ചനോട് കൽപ്പിക്കുന്നു. തന്റേതല്ലാത്ത സാധനം എങ്ങനെ തങ്കച്ചൻ എടുത്തു കൊടുക്കും? ചതി മുൻകൂട്ടി മനസിലാക്കിയ തങ്കച്ചൻ വഴങ്ങിയില്ല. 20 പാക്കറ്റ് കർണ്ണാടക മദ്യവും, 15 തോട്ടയും,10 കേപ്പുമായിരുന്നു പൊതിക്കുള്ളിൽ! തങ്കച്ചനും ഭാര്യ സിനിയും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും നിരപരാധികളാണെന്നും കേണപേക്ഷിച്ചിട്ടും പൊലീസ് അതൊന്നും ചെവിക്കൊണ്ടില്ല. അറസ്റ്റിലായ തങ്കച്ചനെ കോടതി റിമാൻഡ് ചെയ്തു. അങ്ങനെയാണ് വൈത്തിരി ജയിലിലേക്ക് പോകേണ്ടി വന്നത്. നിരപരാധിത്വം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കുടുംബം പരാതി നൽകി. ജില്ലാ പൊലീസ് മേധാവി സംഭവം അന്വേഷിക്കാൻ പുൽപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ആന്റണിയോട് ആവശ്യപ്പെട്ടു. യാഥാർത്ഥ്യം എന്തെന്നറിയാൻ അധികം ദൂരം പോകേണ്ടി വന്നില്ല. യഥാർത്ഥ പ്രതിയെ കിട്ടി. മരക്കടവ് പുത്തൻവീട്ടിൽ പി.എസ്. പ്രസാദ് ! സംശയം തോന്നിയതിനെ തുടർന്ന് ഫോൺ കോൾ സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് യഥാർത്ഥ പ്രതി പ്രസാദാണെന്ന് പൊലീസ് അറിയുന്നത്. മദ്യം വാങ്ങിയ ഗൂഗിൾ പേ വിവരം, സി.സി.ടി.വി ദൃശ്യം, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവയൊക്കൊ പൊലീസിന് പ്രസാദിൽ നിന്ന് ലഭിച്ചു. അതോടെ തങ്കച്ചന്റെ നിരപരാധിത്വം തെളിയുകയും ചെയ്തു. അമളി പറ്റിയ പുൽപ്പള്ളി പൊലീസ് വിവരം കോടതിയെ ധരിപ്പിച്ചു. അങ്ങനെയാണ് തിരുവോണം കഴിഞ്ഞ്, ഞായറാഴ്ച തങ്കച്ചൻ ജയിൽ മോചിതനായത്. ഈ തലതിരിഞ്ഞ നടപടിയെ എന്താണ് വിശേഷിപ്പിക്കുക.
വിഭാഗീതയ രൂക്ഷം
വയനാട്ടിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ വിഭാഗവും ഐ.സി. ബാലകൃഷ്ണൻ വിഭാഗവും പോര് തുടങ്ങിയിട്ട് കാലമേറെയായി. ഈയിടെ മുള്ളൻകൊല്ലയിലെത്തിയ ഡി.സി.സി അദ്ധ്യക്ഷനെ കോൺഗ്രസ് യോഗത്തിൽ വച്ച് അടിച്ച സംഭവം സോഷ്യൽ മീഡിയകൾ ആഘോഷിച്ചു. തന്നെ ആരും മർദ്ദിച്ചില്ലെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് നാല് നേതാക്കളുടെ പ്രാഥമിക അംഗത്വം കെ.പി.സി.സി സസ്പെൻഡ് ചെയ്തിരുന്നു. വിഭാഗീയത രൂക്ഷമായ മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റിയെ മരവിപ്പിക്കുകയും ചെയ്തിരുന്നു. സംഗതി എന്തുമാകട്ടെ, പറയാൻ പാടില്ലാത്തതാണ് കോൺഗ്രസ് യോഗത്തിൽ നടന്നത്. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും ജനറൽ സെക്രട്ടറി പി.ഡി. സജിയും ചേർന്നാണ് തന്നെ കുടുക്കിയതെന്ന് ജയിൽ മോചിതനായി എത്തിയ തങ്കച്ചൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ അറസ്റ്റുചെയ്ത പി.എസ്. പ്രസാദ് ഒരു ഡമ്മി മാത്രമാണെന്നാണ് തങ്കച്ചന്റെ വാദം. പിന്നിൽ കളിച്ചത് നേതാക്കളാണ്, അതിന് അവർ അനുഭവിക്കേണ്ടി വരുമെന്നും തങ്കച്ചൻ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ, സ്ഫോടക വസ്തു കൈവശം വയ്ക്കൽ, ഗൂഢാലോചന, അനധികൃത മദ്യം കടത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രസാദിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. ഇവിടെ വിഷയം ഇതൊന്നുമല്ല. തങ്കച്ചനെ ചതിയിൽപ്പെടുത്തുക എന്നതായിരുന്നല്ലോ നേതാക്കളുടെ ലക്ഷ്യം. സ്ഫോടക വസ്തുക്കളടക്കം നേതാക്കൾക്ക് എവിടെ നിന്ന് കിട്ടി? ഇത് ഗുരുതരമായ കുറ്റമല്ലേ? പലരും സമാധാനം പറയേണ്ടി വരും. തങ്കച്ചൻ അതിനുള് ള തയ്യാറെടുപ്പിലാണ്. സ്ഫോടക വസ്തുക്കളും മദ്യവുമൊക്കെ കൊണ്ടുവച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പുൽപ്പള്ളിയിലെ സി.പി.എം നേതൃത്വം ആവശ്യപ്പെട്ട് കഴിഞ്ഞു.
തിരഞ്ഞെടുപ്പിലും
വെല്ലുവിളി
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരോപണം കോൺഗ്രസിനെ ഉലയ്ക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മൃഗീയ ഭൂരിപക്ഷമാണ് വയനാട് നേടിക്കെടുത്തത്. അവിടെയാണ് ഇപ്പോൾ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത്. സംഘടനയിലെ ചേരിപ്പോര് വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കുമെന്നത് ഉറപ്പ്. മുള്ളൻകൊല്ലി സംഭവവുമായി വരുന്ന വാർത്തകളിൽ പാർട്ടിക്കോ നേതൃത്വത്തിനോ യാതൊരു പങ്കുമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുതരമായ സാമ്പത്തിക ആരോപണം ഉന്നയിച്ച് മുൻ ട്രഷററും ജില്ലയിലെ കോൺഗ്രസ് നേതാവുമായ എൻ.എം. വിജയനും മകൻ ജിജേഷും കഴിഞ്ഞ ഡിസംബർ 27ന് ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. അച്ഛൻ മരിക്കാനിടയായതിൽ പ്രതിഷേധിച്ച് മകനും മരുമകളും നേതാക്കൾക്കുമെതിരെ പരസ്യമായി രംഗത്തെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് വിഷയമാകാതിരക്കാൻ സംസ്ഥാന നേതാക്കൾ ഒത്തുതീർപ്പ് ഫോർമുലക്കൊരുങ്ങി. മരിക്കാൻ ഇടയായ സാമ്പത്തിക ബാദ്ധ്യത ഇപ്പോഴും ഒരു കീറാമുട്ടിയായി നിൽക്കുന്നു. എൻ.എം. വിജയൻ നേതൃത്വത്തിനെതിരെ നിരവധി കത്തുകൾ എഴുതിവച്ചാണ് ആത്മഹത്യ ചെയ്തതും. അതിൽ നിന്ന് മോചനം ലഭിക്കാൻ പാടുപെടുമ്പോഴാണ് പുതിയ കുരുക്ക് വീണത്. ഇനി എല്ലാം കണ്ടറിയുക തന്നെ!