കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്
കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി
കണ്ണൂർ: പ്രവാസി പുനരധിവാസ പദ്ധതിയെന്ന് പറഞ്ഞ് 2017 മുതൽ പ്രവാസികളിൽ നിന്നും മൂന്നു കോടിയിലേറെ രൂപ തട്ടിയെടുത്തതായി നിക്ഷേപകർ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന പ്രവാസികൾക്കും പ്രവാസലോകം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവർക്കും പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ മറവിലാണ് നൂറിലേറെപ്പേർ വഞ്ചനയ്ക്കിരയായത്.
ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കേരള സ്റ്റേറ്റ് റെസ്‌ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ നിസാമുദ്ദീൻ മൂരിയന്റകത്തിനെതിരെയാണ് ആരോപണമുയർത്തിയിരിക്കുന്നത്. കണ്ണൂർ സിറ്റി തയ്യിലിലെ റൈസ് മിൽ സ്റ്റോപ്പിൽ താമസിക്കുന്ന നിസാമുദ്ദീനും ഭാര്യയും സുഹൃത്തും കൂടിയാണ് ലാഭവിഹിതം വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ നിജാമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് സമുച്ചയമാണെന്ന പ്രവാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സംഘടനയിലൂടെ ക്യാംപയിൻ നടത്തിയാണ് മൂന്ന് കോടിയിലധികം രൂപ സമാഹരിച്ചത്. പള്ളിക്കുന്നിലെ ഗാർമെന്റ്സ് വ്യവസായം നിർത്തിയതിനു ശേഷം ചെറുവത്തൂരിൽ ഭക്ഷ്യ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനം നിഫ്കോയെന്ന പേരിൽ തുടങ്ങുകയും അന്നത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. തുടർന്ന് നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് അത് അടച്ചിടുകയും പിന്നീട് തളിപറമ്പ് നാടുകാണിയിലുള്ള കിൻഫ്രയിൽ നിഫ്കോയെന്ന പേരിൽ മറ്റൊരു സ്ഥാപനം തുടങ്ങുകയും ഉത്പാദനം തുടരുകയും ചെയ്തു.
അതിലും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. ഇതിലേക്ക് സ്വീകരിച്ച നിക്ഷേപ തുക പലതും കമ്പനിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. നിക്ഷേപകർക്ക് ഇതുവരെ ലാഭവിഹിതം നൽകിയിട്ടില്ല. ഇതുകൂടാതെ ഓഡിറ്റ് റിപ്പോർട്ടിലും വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജി.സി.സി രാജ്യങ്ങളിൽ നിന്നും നിസാമുദ്ദീൻ വ്യാപകമായ പണപ്പിരിവാണ് നടത്തിയത്. വൻ സാമ്പത്തിക കുറ്റകൃത്യം നടത്തിയ നിസാമുദ്ദീനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും നിക്ഷേപകർ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ എൻ. അബ്ദുൾ നാസർ, എം.എം ഉമ്മർ കുട്ടി, ടി.കെ. അബ്ദുൽ ലത്തീഫ്, സി.വി മുഹമ്മദലി, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.