ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Tuesday 09 September 2025 10:43 PM IST

അമ്പലപ്പുഴ: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് നിസാരപരിക്കേറ്റു. ദേശീയപാതയിൽ ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപം സർവ്വീസ് റോഡിൽ ഇന്നലെ രാവിലെ ആയിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിർത്തി ആളെ ഇറക്കിയതാണ് കൂട്ടയിടിക്ക് കാരണം. തൊട്ടുപിന്നാലെ വരികയായിരുന്ന ഓട്ടോറിക്ഷ ഇതു കാരണം പെട്ടെന്ന് നിർത്തി.പിന്നാലെ വന്ന ട്രാവലർ ഓട്ടോക്ക് പിന്നിലിടിച്ചു. തുടർന്ന് ഓട്ടോ നിയന്ത്രണം തെറ്റി റോഡരുകിലെ കുഴിയിലേക്ക് വീണു. ഓട്ടോ ഡ്രൈവർ വണ്ടാനം തോപ്പിൽ വീട്ടിൽ രാധാകൃഷ്ണന് (62) തെറിച്ച് വീണ് പരിക്കേറ്റു. ഇതിന് പിന്നാലെ വന്ന ദോസ്ത് മിനിലോറിയും, മിൽമയുടെ സപ്ലെെ വാഹനവും പിന്നിൽ ഇടിച്ചു. മിൽമ വാഹനത്തിലെ ഡ്രൈവർ വണ്ടാനം സൂപ്പർ പറമ്പിൽ വിഷ്ണു (30),​ ജീവനക്കാരായ രാം ഘോഷ്, ശ്യാം എന്നിവർക്കും പരിക്കേറ്റു.ദോസത് വാനിലെ ഡ്രൈവർ നിലമ്പൂർ കുന്നത്ത് വീട്ടിൽ അനീഷ് കുമാറിനും പരിക്കേറ്റു.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനങ്ങളുടെ മുൻഭാഗങ്ങൾ പൂർണമായും തകർന്നു.സർവ്വീസ് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.വളരെ പണിപ്പെട്ടാണ് വാഹനങ്ങൾ റോഡരുകിലേക്ക് മാറ്റിയത്. തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു.