വർക്കലയിൽ അക്രമം അഴിച്ചുവിട്ട യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

Tuesday 09 September 2025 1:54 AM IST

വർക്കല: വർക്കലയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി അക്രമം അഴിച്ചുവിട്ട യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മണ്ണന്തല സ്വദേശിയായ യുവാവ് ഇന്നലെ രാവിലെ 7.30ഓടെ തിരുവമ്പാടി ബീച്ച് റോഡിലെ റസ്റ്റോറന്റിലെത്തി അകാരണമായി ജീവനക്കാരെ ആക്രമിക്കുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ അടിച്ചുപൊട്ടിക്കുകയുമായിരുന്നു. തുടർന്ന് വാഹനവുമായി രക്ഷപ്പെട്ട ഇയാൾ വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം കാൽനടയായി പോയ അമ്മയെയും മകനെയും ആക്രമിക്കാനും ശ്രമിച്ചു. ഇവർ അടുത്തുള്ള മെഡിക്കൽ ലാബിലേക്ക് ഓടിക്കയറിയതിനാൽ രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തിയ യുവാവ് ഓട്ടോയുടെ ചില്ല് കൈമുട്ട് കൊണ്ട് ഇടിച്ചു തകർത്തു. വർക്കല അണ്ടർപ്പാസേജിന് സമീപം കരിക്ക് കച്ചവടം നടത്തുന്ന രഘുനാഥപുരം സ്വദേശി ബഷീറിനെയും(90) ഇയാൾ ആക്രമിച്ചു. മുഖത്ത് സാരമായി പരിക്കേറ്റ ബഷീർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അയന്തിയിൽ ചെറുമകളെ സ്കൂളിൽ വിടുന്നതിനായി റോഡരികിൽ കുട്ടിയുമായി നിന്ന ക്യാൻസർ രോഗിയായ വയോധികനേയും ഇയാൾ തലയ്ക്ക് കമ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. കാറിൽ പുത്തൻചന്ത ഭാഗത്തെത്തി അവിടെ നിന്നിരുന്ന യുവാവിനോട് സൗമ്യമായി സംസാരിക്കുകയും പെട്ടെന്ന് പ്രകോപിതനായി കൈയിലിരുന്ന ഇരുമ്പു വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഇയാൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും വർക്കല എസ്.എച്ച്.ഒ പറഞ്ഞു.