അദ്ധ്യാപക ദിനം: പ്രൊഫ.വി.കെ.സരസ്വതിക്ക് ആദരവ്
കയ്പമംഗലം: മേഖലയിലെ കല, കായിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായ റിട്ട. പ്രൊഫ.വി.കെ.സരസ്വതിയെ ചെന്ത്രാപ്പിന്നി ആർട് ഒഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷത്തിൽ ആദരിച്ചു. മൂത്തകുന്നം എസ്.എൻ.എം കോളേജ് കായിക വിഭാഗം മേധാവിയായിരുന്ന ഇവർ തൃപ്രയാർ വാലത്ത് കുടുംബാംഗവും ഗ്വാളിയോർ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നിന്നും മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യ വനിതയുമാണ്. നിരവധി ദേശീയ അന്തർദ്ദേശീയ വോളിബാൾ താരങ്ങളെ വളർത്തിയെടുത്ത ഇവർ 75ാം വയസിലും മണപ്പുറത്തെ വോളിബാൾ വളർച്ചയ്ക്കായി കർമ്മനിരതയാണ്. എം.യു.ഗിരിജ പൊന്നാട അണിയിച്ചു. ശ്രീനാരായണ വായനശാല സെക്രട്ടറി എം.എം.പ്രതാപൻ, കെ.എസ്.കിരൺ, ജയപ്രകാശ് കുറ്റിയിൽ, ആനന്ദ ബാബു പൊനത്തിൽ എന്നിവർ പ്രസംഗിച്ചു. തിലക് ബാബു മണ്ടാംപുള്ളി, പി.സി.രവി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.