ഓണാഘോഷത്തിനിടെ അക്രമം: 2 യുവാക്കൾക്ക് വെട്ടേറ്റു

Tuesday 09 September 2025 1:02 AM IST

ചിറയിൻകീഴ്: ഓണാഘോഷത്തിനിടെയുണ്ടായ അക്രമത്തിൽ 2 യുവാക്കൾക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 4പേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കുറട്ടുവിളാകം തവളാത്ത് അച്ചുലാൽ (35), കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37) എന്നിവർക്കാണ് വെട്ടേറ്റത്.അക്രമത്തിൽ അച്ചുലാലിന്റെ സഹോദരി മോനിഷയ്ക്കും പരിക്കേറ്റു. ഈഞ്ചയ്ക്കൽ പാലത്തിന് സമീപം ആറ്റിവരമ്പ്തിട്ട വീട്ടിൽ പ്രവീൺലാൽ(34), അനന്തൻതിട്ട വീട്ടിൽ ഉണ്ണി (28), വയൽത്തിട്ട വീട്ടിൽ കിരൺ പ്രകാശ് (29), വയൽത്തിട്ട വീട്ടിൽ ജയേഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9നാണ് സംഭവം. കുറട്ടുവിളാകം പൗരസമിതിയുടെ ഓണാഘോഷത്തിനിടെ ബൈക്കിലെത്തിയ സംഘം സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലേയ്ക്ക് ബൈക്കോടിച്ച് കയറ്റി. പിൻതിരിപ്പിക്കാൻ ശ്രമിച്ച കമ്മിറ്റിയംഗങ്ങളെ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിനിടെയാണ് അച്ചുലാലിനും അജിത്തിനും വെട്ടേറ്റത്. ഇവരെ തിരഞ്ഞു പിടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സഹോദരനെ വെട്ടുന്നത് കണ്ട മോനിഷ ഇടയ്ക്കുകയറി പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മോനിഷയെ ചിത്ര ഹോസ്പിറ്റലിലും മറ്റ് 2പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2022ലെ ഓണാഘോഷത്തിനിടെ അക്രമം നടത്തിയ കേസിലെ പ്രതികൾ തന്നെയാണ് ഇപ്പോഴും അക്രമം നടത്തിയത്. അന്ന് 5 പേർക്ക് പരിക്കേറ്റിരുന്നു. പ്രതികളെ രക്ഷിക്കാൻ വിവിധ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.