സംരക്ഷണ ഭിത്തി തകർന്നു
Tuesday 09 September 2025 1:08 AM IST
കോട്ടയം: പള്ളിക്കത്തോട് അരുവിക്കുഴി ജംഗ്ഷനിൽ റോഡരികിൽ യാത്രക്കാർക്ക് കെണിയായി സംരക്ഷണ ഭിത്തി തകർന്നു. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. കൂടാതെ, സർക്കാരിന്റെ ജില്ലാ ടൂറിസം മേഖലയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടം ജംഗ്ഷനിലാണ് അപകടഭീഷണി ഉയർത്തി തകർന്ന സംരക്ഷണ ഭിത്തിയും ഓടയും.
റോഡിന്റെ വശത്തിലൂടെ കടന്നുപോകുന്ന തോടിന് സമീപത്ത് സ്ഥാപിച്ച ഇരുമ്പ് ഗർഡറുകളാണ് തകർന്നത്.റോഡ് പരിചിതമല്ലാത്തവരാണ് പകുതിയിലേറെയും. രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര അപകടത്തിനും ഇടയാക്കുന്നു. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തിൽപ്പെടാനും സാദ്ധ്യതയേറെയാണ്.നാളുകളായി ഗർഡറുകൾ തകർന്നിട്ട്. യാത്രക്കാർക്ക് മുന്നറിയിപ്പായി റോഡരികിൽ വീപ്പകളും റിബ്ബണും വലിച്ചുകെട്ടി അധികൃതരും തടിതപ്പി.