ദേശീയ പാതയിൽ ദുരന്തമായി സുരക്ഷാ ക്രമീകരണങ്ങൾ

Tuesday 09 September 2025 1:10 AM IST

മുണ്ടക്കയം : ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മതിയായ സുരക്ഷാക്രമീകരണങ്ങളുടെ അഭാവം ചോദ്യചെയ്യപ്പെടുന്നു. ഹൈറേഞ്ച് പാതയുടെ തുടക്കമായ മുണ്ടക്കയം 35-ആം മൈൽ മുതൽ സുരക്ഷാ വീഴ്ചകൾ പ്രകടമാണ്. 35-ആം മൈൽ നിന്നും പാലൂർക്കാവ് റോഡിലേക്ക് തിരിയുന്ന ഭാഗത്തിന് സമീപം സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായി താഴത്തെ റോഡിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. മുകളിലേക്കുള്ള യാത്രയിൽ പല ഇടങ്ങളിലും റോഡിലേക്ക് കാടുകൾ വളർന്ന് കിടക്കുന്നു. മരുതുംമൂട്ടിൽ പഴയ ലൈറ്റുകൾക്ക് പകരം സ്ഥാപിച്ച പുതിയ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടെങ്കിലും ദിശാ ബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും പലതും നശിച്ച നിലയിലും കാട് കയറി മറഞ്ഞുമാണുള്ളത്.

ഏറെ അപകടങ്ങൾ ഉണ്ടായിട്ടുള്ള ചാമപ്പാറ വളവിലെ അപകട സുരക്ഷാ മുന്നറിയിപ്പ് ചുവപ്പ് വെളിച്ചം തെളിഞ്ഞിട്ട് നാളുകളായി. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തോളം അപകടങ്ങളാണ് ദേശീയപാതയിൽ ചുഴുപ്പിനും മുണ്ടക്കയത്തിനും ഇടയിൽ ഉണ്ടായത്. അപകടങ്ങൾ ഒഴിവാക്കുവാനായി മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമാണ്.