'രാഹുലിന് പിന്തുണയേറി, പ്രതിഷേധങ്ങളെ ഭയക്കുന്നില്ല', പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാൻ ഡിസിസി

Tuesday 09 September 2025 12:11 PM IST

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കം നടത്തി ഡിസിസി. രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വന്നെന്നും രാഹുലിന് പിന്തുണ വർദ്ധിച്ചെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണിത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെപിസിസി ആവശ്യപ്പെട്ടാൽ രാഹുലിന് പ്രവർത്തകർ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി അദ്ധ്യക്ഷൻ പറഞ്ഞു. രാഹുൽ പാലക്കാട് എത്തിയിട്ട് 20 ദിവസത്തിൽ കൂടുതലായി.

രാഹുലിനെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെത്തുടർന്ന് അടൂരിലെ വീട്ടിലിരുന്നതാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇത് തുടരുന്നത് ദോഷം ചെയ്യുമെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടുണ്ട്. ബിജെപിക്ക് മേധാവിത്വമുള്ള മണ്ഡലത്തിൽ ഇങ്ങനെ മാറിനിൽക്കുന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. എന്നാൽ രാഹുലിന്റേത് അടഞ്ഞ അദ്ധ്യായമാണെന്നാണ് വിഡി സതീശൻ പറയുന്നത്.

സോഷ്യൽ മീഡിയയിൽ അടക്കം രാഹുലിന് പിന്തുണയേറിയിട്ടുണ്ടെന്നും മണ്ഡലത്തിലെത്തുന്ന മുറയ്ക്ക് പ്രതിഷേധമുണ്ടായാലും പ്രതിരോധിക്കാവുന്നതാണെന്നും ഡിസിസി വിലയിരുത്തുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കെപിസിസിയാണ്. നേരത്തെയുണ്ടായിരുന്ന തുടർ പ്രതിഷേധങ്ങൾക്ക് നിലവിൽ അയവു വന്നിട്ടുണ്ട്. സ്വകാര്യ പരിപാടികളിൽ തുടങ്ങി പൊതു പരിപാടികളിലേക്ക് കൂടി എത്തി സജീവമാക്കാനാണ് നേതൃത്വം കരുതുന്നത്.