'അമ്മയുടെ പുനർജന്മമാണെന്ന വിശ്വാസം, പ്രിയപ്പെട്ടതൊന്നു പോയപ്പോൾ പ്രിയമുള്ള ഒന്നിനെ കിട്ടി'

Tuesday 09 September 2025 12:30 PM IST

ഇന്നലെയായിരുന്നു യുവതാരം അനശ്വരരാജന്റെ പിറന്നാൾ ദിനം. പതിനായിരക്കണക്കിന് പേരാണ് താരത്തിന് സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും ആശംസകളറിയിച്ചത്. ഇപ്പോഴിതാ അനശ്വരയുടെ മാതാവ് ഉഷരാജൻ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ജന്മദിനാശംസകൾ നേർന്നതാണ് ചർച്ചയാകുന്നത്.

'പ്രിയപ്പെട്ടതൊന്നു പോയപ്പോൾ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം 23 വർഷം, ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്റെ കുട്ടിക്ക്. അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. അമ്മയുടെ പുനർജന്മമാണെന്ന ഒരു വിശ്വാസം അത് കൂടുതൽ ആഴത്തിൽ നിന്നിൽ ഉണ്ടാക്കി'- മാതാവ് ഉഷരാജൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഉഷരാജന്റെ അമ്മ ജനിച്ചതിനു ശേഷമാണ് അനശ്വര ജനിക്കുന്നത്.

വ്യസനസമേതം ബന്ധുമിത്രാദികളാണ് അനശ്വര രാജന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2017ൽ മഞ്ജു വാര്യരോടൊപ്പം അഭിനയിച്ച ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വരയുടെ സിനിമാ ജീവിതത്തിലേക്കുള്ള കടന്നുവരവ്.

‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ താരം ശ്രദ്ധ നേടുന്നത്. നിലവിൽ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി തനന്റേതായ സ്ഥാനം നിലനിർത്തി അഭിനയ ജീവിതം തുടരുകയാണ് അനശ്വര. അതേസമയം അഭിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മദൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് ചിത്രത്തിന് ചെന്നൈയിൽ തുടക്കമായി.