നാവികസേനയിൽ വൻ സുരക്ഷാവീഴ്‌ച, യൂണിഫോം ധരിച്ചെത്തിയയാൾ ആയുധങ്ങളുമായി കടന്നു
മുംബയ്: നാവിക ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയയാൾ നേവി റെസിഡൻഷ്യൽ മേഖലയിൽ നിന്ന് ആയുധങ്ങളുമായി കടന്നതായി റിപ്പോർട്ട്. ശനിയാഴ്‌ച രാത്രി ഏഴരയോടെ മുംബയ് കൊലാബയിലെ നേവി നഗറിലാണ് സംഭവം നടന്നത്. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് ഇയാൾ മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചായിരുന്നു മോഷണം. പ്രവേശനത്തിന് കർശന നിയന്ത്രണമുള്ളയിടത്താണ് ആൾമാറാട്ടം നടന്നത്.
സംഭവദിവസം പോസ്റ്റിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ നേവി യൂണിഫോമിലെത്തിയയാൾ ഡ്യൂട്ടി കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാച്ചുമതലയ്ക്കായി പകരക്കാരനായി എത്തിയതാണെന്ന് അറിയിച്ചതോടെ ജൂനിയർ ഉദ്യോഗസ്ഥൻ ആയുധവും 40 ലൈവ് കാട്രിഡ്ജുകൾ നിറച്ച രണ്ട് മാഗസിനുകളും കൈമാറി. പിന്നീട് ഇയാളെ കാണാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. തന്റെ വാച്ച് മറന്നുവച്ച ജൂനിയർ ഉദ്യോഗസ്ഥൻ അതെടുക്കാൻ തിരികെ ഡ്യൂട്ടി സ്ഥലതത്ത് എത്തിയതായിരുന്നു. ഈ സമയത്താണ് തന്റെ പക്കൽ നിന്ന് ആയുധങ്ങൾ വാങ്ങിയയാൾ സ്ഥലത്തില്ലെന്ന് മനസിലാക്കുന്നത്. ഇയാൾക്കായി മൂന്ന് മണിക്കൂറോളം തെരച്ചിൽ നടത്തിയതിനുശേഷമാണ് ജൂനിയർ ഉദ്യോഗസ്ഥൻ വിവരം അധികാരികളെ അറിയിച്ചത്.
സംഭവത്തിൽ കഫെ പരേഡ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എൻഐഎ, എൻടിഎസ് എന്നിവരും സംഭവം അന്വേഷിക്കുന്നുണ്ട്. പൊലീസുമായി ചേർന്ന് ആൾമാറാട്ടക്കാരനായി തെരച്ചിൽ ആരംഭിച്ചതായി നാവികസേനയും അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്. ആൾമാറാട്ടക്കാരന്റെ രേഖാചിത്രവും തയ്യാറാക്കിയിട്ടുണ്ട്. മോഷണത്തിന് പിന്നാലെ സൈനിക കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്‌ചയെക്കുറിച്ച് ആശങ്കകൾ ഉയരുകയാണെന്നാണ് റിപ്പോർട്ട്.