നാളികേരം ഉത്പാദനം കുറഞ്ഞു.... കേരം കേഴും കേരളനാട്

Wednesday 10 September 2025 12:49 AM IST

കോട്ടയം : നാളികേര കൃഷി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും നാടൻതേങ്ങയുടെ പ്രതാപം വിപണിയിലും അസ്തമിക്കുകയാണ്. ഇവിടെ ഉത്പാദനം കുറഞ്ഞതാണ് വരവുതേങ്ങ കൂടുതലായി വിപണിയിലെത്താൻ കാരണം. ഒരു കിലോ തേങ്ങയ്ക്ക് 80 - 85 വരെയാണ് വില. കർഷകർക്ക് ലഭിക്കുന്നതാകട്ടെ 40 രൂപയും. പാലക്കാടൻ തേങ്ങയും വിപണിയിലുണ്ടെങ്കിലും കൂടുതൽ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. നാടൻ തെങ്ങുകളും കേരളത്തിൽ ഇപ്പോൾ കുറവാണ്. കൂടുതലും സങ്കരയിനം തെങ്ങിൻതൈകളാണ് കർഷകർ വയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനവും നാളികേര കൃഷി പ്രോത്സാഹന പദ്ധതി എങ്ങുമെത്താത്തതും ഉത്പാദനം കുറയാൻ കാരണമായി. ജില്ലയിൽ കുമരകം, വെച്ചൂർ, വൈക്കം, തലയാഴം എന്നിവിടങ്ങളിലാണ് നാളികേരം കൂടുതലായി ഉത്പ്പാദിപ്പിച്ചിരുന്നത്. മലയോര മേഖലകളായ പൊൻകുന്നം, പാലാ, പാമ്പാടി, അയർക്കുന്നം, മണർകാട്, കറുകച്ചാൽ, നെടുംകുന്നം, മണിമല തുടങ്ങിയ പ്രദേശങ്ങളിലും തേങ്ങ വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ഉത്പാദനം ഗണ്യമായി കുറഞ്ഞു. മണ്ഡരി രോഗബാധയ്ക്ക് ശേഷം കർഷകർ തെങ്ങുകളെ വേണ്ടത്ര പരിപാലിക്കാത്തതും തിരിച്ചടിയായി.

തെങ്ങുകളിൽ രോഗബാധ

തേങ്ങ പാകമാകുന്നതിന് മുൻപ് പൊഴിഞ്ഞു പോകുന്നതും കർഷകരെ ദുരിതത്തിലാക്കുന്നു. ഓല ചുരുളുകയാണ് ആദ്യം. പിന്നീട് തെങ്ങിന്റെ മണ്ട നശിക്കൽ, കൂമ്പ് ചീയൽ തുടങ്ങിയവ ഉണ്ടാകും. നാടൻ തെങ്ങുകളിലാണ് രോഗബാധ കൂടുതൽ. മുൻപ് 40 തെങ്ങിൽ നിന്ന് 300, 600 തേങ്ങകൾ വരെ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 25 ൽ താഴെ മാത്രമാണ് ലഭിക്കുന്നത്. തേങ്ങ ഇടാൻ ആളെ കിട്ടാനുമില്ല. കിട്ടിയാൽ തന്നെ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം.

പ്രതാപത്തി​ലേക്ക് തി​രി​ച്ചുവരാൻ

കേരഗ്രാമം പദ്ധതി സജീവമാക്കണം കേര കർഷകരുടെ ക്ലസ്റ്ററുകൾ

കർഷകർക്ക് ബോധവത്കരണം

മൂല്യവർദ്ധനവ്, നൈപുണ്യ വികസനം

വിതരണത്തിൽ സർക്കാർ ഇടപെടൽ

''കരിക്കിന്റെ വില്പന കൂടിയത് നാളികേര ഉത്പാദനത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും കേര കർഷകരെ മേഖലയിൽ ഉറപ്പിച്ചുനിറുത്താനും കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണം.

(പ്രഭാകരൻ നായർ, കർഷകൻ)

''മുൻകാലങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞു. ആവശ്യത്തിന് നാളികേരം കിട്ടാത്തത് വില ഉയരാൻ ഇടയാക്കുകയാണ്.നല്ല ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടെങ്കിലും നാടൻ തെങ്ങുകൾക്ക് കായ്ഫലം ഉണ്ടാകാൻ കാലതാമസം എടുക്കും.

രാജുമോൻ, കർഷകൻ