നമ്പർ ഡയൽ ചെയ്തതേ ഓർമയുള്ളൂ; ഫോൺ ഹാക്കായി, ഒരിക്കലും ഈ കെണിയിൽപ്പെടരുത്
Tuesday 09 September 2025 4:46 PM IST
കൊച്ചി: കൊറിയർ കമ്പനിയുടെ പേര് പറഞ്ഞ് യുവതിയുടെ ഫോൺ ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പ്. സൗത്ത് തൃപ്തി ലെയ്നിൽ താമസിക്കുന്ന പ്രിയ ശിവദാസിന്റെ ഫോണാണ് തട്ടിപ്പ് സംഘം ഹാക്ക് ചെയ്തത്. കൊറിയർ വന്നെന്ന് പറഞ്ഞാണ് പ്രിയയുടെ ഫോൺ ഹാക്ക് ചെയ്തത്.
കൊറിയർ ലഭിക്കാൻ അവർ പറഞ്ഞ നമ്പർ ഡയൽ ചെയ്യാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. അക്കങ്ങളും ചിഹ്നങ്ങളുമുള്ള നമ്പർ ഡയൽ ചെയ്തതോടെ ഫോൺ ഹാക്കായി. തുടർന്ന് പ്രിയയുടെ ഫോണിലെ കോണ്ടാക്റ്റ് പട്ടികയിലുള്ള സുഹൃത്തുക്കൾക്ക് സന്ദേശമെത്തി തുടങ്ങി.
പ്രിയ അപകടത്തിൽപ്പെട്ടെന്നും പണം വേണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചത്. ഒരാൾ 45000 രൂപയും മറ്റൊരാൾ 31,000 രൂപയും ചിലർ 2000 രൂപയും അയച്ചു. ഹാക്ക് ചെയ്ത ഫോൺ പ്രിയ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇന്ന് സൈബർ ക്രൈം പൊലീസിന് പരാതി നൽകും.