വിറ്റുവരവിൽ ഓണ'ക്കോടികൾ' ഉടുത്ത് കുടുംബശ്രീ

Wednesday 10 September 2025 12:01 AM IST

കോട്ടയം : റെക്കാഡ് വരുമാനം കൊണ്ട് ഓണക്കോടി ഉടുത്തു ഇക്കുറി കുടുംബശ്രീ. ജില്ലയിലെ വിവിധ മേളകളും മറ്റ് സംരഭങ്ങളുമായി 3.50 കോടി രൂപയാണ് നേടിയത്. കഴിഞ്ഞ വർഷം ഇത് 2.59 കോടിയായിരുന്നു. ജില്ലയിൽ വിവിധയിടങ്ങളിലായി 150 മേളകളാണ് നടത്തിയത്. പൂവ്, പച്ചക്കൃഷികൾ വ്യാപകമാക്കിയതും ഓണസദ്യയും കിറ്റും ഒരുക്കിയതും ഗുണമായി. ഓരോ അയൽക്കൂട്ടത്തിൽ നിന്ന് കുറഞ്ഞത് ഒരു ഉത്പന്നമെങ്കിലും സി.ഡി.എസ് തല വിപണനമേളകളിൽ ലഭ്യമാക്കി. എല്ലാ സംരംഭ, ഉപജീവന ഗ്രൂപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കി. ഇതിലൂടെ ജില്ലയിലെ അയ്യായിരത്തോളം സംരംഭ യൂണിറ്റുകൾക്കാണ് വരുമാനം ലഭിക്കുന്നത്.

ഓണസദ്യ കെങ്കേമം

ഓണസദ്യയും പോക്കറ്റ് മാർട്ട് വഴിയുള്ള ഓൺലൈൻ വിപണനവുമാണ് ഇക്കുറി മെച്ചമായത്. 16 കഫേകളിൽ നിന്നായി 3312 സദ്യകൾ ചെലവായി. ഇതിലൂടെ മാത്രം 12.22 ലക്ഷം രൂപയെത്തി. പോക്കറ്റ്മാർട്ട് വഴി 799 രൂപ വീതം വിലയുള്ള 600 ഗിഫ്റ്റ് ഹാംപറുകളും ചെലവായി. ഓണത്തിന്റെ ട്രേഡ് മാർക്ക് വിഭവങ്ങളായ ചിപ്സിനും ശർക്കരവരട്ടിക്കും പുറമെ മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, ഫിഷ് മസാല, സ്റ്റീമിഡ് പുട്ടുപൊടി, വറുത്ത അരിപ്പൊടി, ഗരം മസാല എന്നിവയും പുറത്തിറക്കിയിരുന്നു.

വിറ്റുവരവ്

പച്ചക്കറി :118294 കിലോ

64.15 ലക്ഷം

പൂക്കൾ:5663.3 കിലോ

11.13 ലക്ഷം

150മേളകൾ: 1.89 കോടി രൂപ

ഓണക്കിറ്റ്: 5335

40.01 ലക്ഷം

''കുടുംബശ്രീ ഉത്പന്നങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസമാണ് വില്പന കൂടാൻ കാരണം. അടുത്ത വർഷം കൂടുതൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എത്തിക്കും.

കുടുംബശ്രീ അധികൃതർ