ജെൻ സി കലാപം; ഭക്ഷണവും വെള്ളവുമില്ലാതെ മലയാളികൾ, തെരുവിൽക്കഴിയുന്നത് കുട്ടികളടക്കം
കാഠ്മണ്ഡു: നേപ്പാൾ സർക്കാർ സമൂഹമാദ്ധ്യമം നിരോധിച്ചിതിനെത്തുടർന്നുണ്ടായ ജെൻ സി സംഘർഷത്തിൽ മലയാളികളും അകപ്പെട്ടു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള നാൽപ്പതോളം വിനോദസഞ്ചാരികളാണ് നേപ്പാളിൽ കുടുങ്ങിയത്. കാഠ്മണ്ഡുവിന് അടുത്തുള്ള ഗോസാലയിലാണ് ഇവർ അകപ്പെട്ടുപോയത്. ഭക്ഷണമോ വെള്ളമോ താമസസൗകര്യങ്ങളോ ലഭിക്കാതെ വലയുകയാണിവർ.
കോഴിക്കോടുള്ള ഒരു ട്രാവൽ ഏജൻസി വഴി ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഘം വിമാനമാർഗം നേപ്പാളിലേക്ക് പോയത്. ഓണാവധിയുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാരത്തിനായി പോയതായിരുന്നു. ഇവർ കാഠ്മണ്ഡുവിലേക്ക് പോകുംവഴിയാണ് സംഘർഷം രൂക്ഷമായത്. കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി, കൊടിയത്തൂര്‍, മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങിളില്‍ നിന്നും കുട്ടികളടക്കമുള്ളവരാണ് ഭക്ഷണമോ താമസസൗകര്യങ്ങളോ ഇല്ലാതെ തെരുവിൽ കഴിയുന്നത്.
പ്രധാന റോഡുകളിൽ ടയർ കത്തിച്ചുള്ള പ്രതിഷേധം കാരണം വാഹന ഗതാഗതം താറുമാറായ അവസ്ഥയിലാണ്. റോഡ് മുഴുവനും കലാപകാരികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളടക്കം പ്രതിഷേധക്കാർ തകർത്തിരിക്കുന്നതിനാൽ സഹായത്തിനായി പൊലീസുകാരെപ്പോലും വിളിക്കാൻ പറ്റാത്തത് സ്ഥിതിയാണ്. പ്രതിഷേധം കണക്കിലെടുത്ത് കാഠ്മണ്ഡു വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടെങ്കിലേ ഇവർക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ സാധിക്കു. നിലവിൽ സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചെങ്കിലും പ്രതിഷേധത്തിന് ഇതുവരെയും അയവു വന്നിട്ടില്ല. പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവക്കുകയും കാഠ്മണ്ഡു വിടുകയും ചെയ്തു. നേപ്പാളിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതുകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളെ സർക്കാർ നിരോധിച്ചത്.