17 കാരൻ സൂക്ഷിച്ച 15 കിലോ കഞ്ചാവ് പിടികൂടി
Wednesday 10 September 2025 12:08 AM IST
കടുത്തുരുത്തി : ഓണത്തിനോട് അനുബന്ധിച്ച് വിൽക്കാൻ എത്തിച്ച 15 ലക്ഷം രൂപയുടെ 15.200 കിലോ കഞ്ചാവ് കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് പിടികൂടി. വൈക്കം ആപ്പാഞ്ചിറ റെയിൽവേ സ്റ്റേഷന് പിന്നിലുള്ള 17കാരൻ വിൽക്കാനെത്തിച്ചതായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീടും പരിസരവും എക്സൈസ് നിരീക്ഷണത്തിലായിരുന്നു. വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മുറിയിലെ കട്ടിലിന്റെ അടിയിൽ നിന്ന് 2 ചാക്കുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. 17കാരൻ നിരവധിക്കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്റിനാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് പി.ജി, ഓഫീസർമാരായ അജു ജോസഫ്, അരുൺ ലാൽ, ദീപക് സോമൻ, ശ്യാം ശശിധരൻ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.