മലയാളി വീട്ടമ്മയുടെ സ്വർണമാല ട്രെയിൻ യാത്രയ്‌ക്കിടെ കവർന്നു
കൊച്ചി: ഗോവ സന്ദർശിച്ച് ട്രെയിനിൽ എറണാകുളത്തേക്കു മടങ്ങുകയായിരുന്ന 70 അംഗ സംഘത്തിലെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്തു. രാത്രി റിസർവേഷൻ കോച്ചിലെ താഴത്തെ സ്ലീപ്പറിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കവർച്ച.
മുളന്തുരുത്തി ആമ്പല്ലൂർ കുരിശിങ്കൽ സാജുവിന്റെ ഭാര്യ ലിസിയുടെ (56) ഒരു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. മഡ്ഗാവ് - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിലെ എസ്-ഒന്ന് കോച്ചിൽ പുലർച്ചെ 2.45നായിരുന്നു സംഭവം. ട്രെയിൻ മംഗലാപുരം സ്റ്റേഷൻ വിട്ട് കുറഞ്ഞ വേഗതയിൽ നീങ്ങുമ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. ലിസി എഴുന്നേറ്റ് ബഹളമുണ്ടാക്കിയെങ്കിലും മോഷ്ടാവ് മാലയുമായി ചാടിയിറങ്ങി രക്ഷപ്പെട്ടു. മുകളിലത്തെ സ്ലീപ്പറിൽ കിടന്ന സാജുവും മറ്റ് യാത്രക്കാരും ടിക്കറ്റ് പരിശോധകനെ അറിയിച്ചതിനെ തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന ആർ.പി.എഫ് സംഘം കോച്ചിലെത്തി വിവരങ്ങൾ തിരക്കി. ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ ശേഷം റെയിൽവേ പൊലീസ് കേസെടുത്തു. എഫ്.ഐ.ആർ മംഗലാപുരം റെയിൽവേ പൊലീസിന് കൈമാറും.
ട്രെയിൻ ഗോവ പിന്നിട്ടപ്പോൾ കോച്ചിൽ സംശയാസ്പദമായ നിലയിൽ അന്യസംസ്ഥാനക്കാരനെ കണ്ടതായി സാജു പറഞ്ഞു. ഇയാൾ സ്ത്രീ യാത്രക്കാരുടെ സീറ്റുകൾക്ക് അടുത്തെത്തി ജനാലകൾ അടയ്‌ക്കുന്നത് കണ്ട് തിരക്കിയപ്പോൾ മഴയാണെന്നായിരുന്നു മറുപടി. ഇയാൾ കോച്ചിന്റെ പലഭാഗത്തും കറങ്ങിനടന്നിരുന്നു. 70 അംഗ സംഘത്തിലെ യാത്രക്കാർ എസ് 1 മുതൽ എസ് 4 വരെ വിവിധ കോച്ചുകളിലാണ് യാത്ര ചെയ്തത്.