കണ്ണൂരുകാരി നിഖില 'ബുള്ളറ്റ് ലേഡി'യായത് ഇക്കാരണത്താല്‍; സ്ഥിരം പ്രശ്‌നക്കാരിക്കെതിരെ കടുത്ത നടപടി

Tuesday 09 September 2025 7:24 PM IST

കണ്ണൂര്‍: ലഹരി മരുന്ന വില്‍പ്പനക്കേസില്‍ യുവതിക്ക് കരുതല്‍ തടങ്കല്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിഖില (30)യെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന സി നിഖില ലഹരി ഇടപാട് കേസുകളുമായി ബന്ധപ്പെട്ട് നിരവധി തവണ പിടിയിലായിട്ടുണ്ട്. തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് യുവതി വലയിലായത്. നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന ശീലമാണ് നിഖിലയെ ബുള്ളറ്റ് ലേഡി എന്ന പേരില്‍ അറിയപ്പെടുന്നതിന് കാരണമായത്. ഇത്തരത്തില്‍ യാത്രകളിലൂടെ ലഭിച്ച സൗഹൃദങ്ങളാണ് യുവതിയെ ലഹരി കച്ചവടത്തിലേക്ക് എത്തിച്ചത്. കേരള പൊലീസിന്റെയും ബംഗളൂരു പൊലീസിന്റെയും സഹായത്തോടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയെ എക്‌സൈസ് സംഘം പിടികൂടിയത്. പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരമാണ് നിഖിലയെ അറസ്റ്റ് ചെയ്തത്. ഈ നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലില്‍ വയ്ക്കാം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 2023ല്‍ രണ്ട് കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു യുവതിയെ ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത്.