ഖത്തറില്‍ ആക്രമണം നടത്തി ഇസ്രായേല്‍; ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെയെന്ന് സൂചന
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ദോഹയില്‍ സ്‌ഫോടനം നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്നും വിവരമുണ്ട്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണമെന്നാണ് സൂചന.
ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനം ഉപയോഗിച്ചുവരുന്നു, ഇതാണ് ആക്രമണത്തിന് കാരണമായി ഇസ്രായേല്‍ പറയുന്നത്.
ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചുവെങ്കിലും ഇത് എവിടെയാണെന്ന് കൃത്യമായി പറയുന്നില്ല. ഗാസയ്ക്ക് പുറത്താണ് ആക്രമണമെന്ന സൂചന പ്രസ്താവനയില്‍ നല്‍കുന്നുണ്ടെങ്കിലും ഇത് എവിടെയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹമാസിനെ പരാജയപ്പെടുത്തുന്നതിനായി ഐ.ഡി.എഫും ഐ.എസ്.എയും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തനം തുടരും.' ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ തങ്ങളുടെ നേതാക്കള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഹമാസ് പ്രതികരിച്ചു.