കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം 13 മുതൽ

Tuesday 09 September 2025 8:21 PM IST

ഇരിട്ടി: ഭാരതസർക്കാർ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററും മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവുമായി സഹകരിച്ച് നടത്തുന്ന മൂന്നാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം 13 മുതൽ 20 വരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4 മണിമുതൽ രാത്രി 9.30 വരെയാണ് കഥകളി അവതരിപ്പിക്കുക. കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്ണൻ ആശാന്റെ നേതൃത്വത്തിൽ യുവ തലമുറയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കളിയരങ്ങിൽ 'കോട്ടംതീർന്ന കോട്ടയം കഥകൾ' എന്ന ഖ്യാതി നേടിയ കോട്ടയത്ത് തമ്പുരാന്റെ നാല് കഥകളും സമ്പൂർണ്ണമായി ഓരോ കഥകളും രണ്ട് ദിവസങ്ങളിലായി അവതരിപ്പിക്കും.ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 മണിവരെ ആസ്വാദകർക്കും വളർന്നുവരുന്ന കലാകാരന്മാർക്കും വേണ്ടി കോട്ടയം കഥകളെ അടിസ്ഥാനമാക്കി സദനം ബാലകൃഷ്ണൻ ആശാന്റെ നേതൃത്വരത്തിൽ കഥകളി ശില്പശാലയും നടക്കും.