പെൻഷൻ വാങ്ങാൻ വരിനിന്ന യുക്രെയ്ൻ പൗരന്മാർക്കുനേരെ വ്യോമാക്രമണം: 21പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

Tuesday 09 September 2025 8:22 PM IST

കീവ്: കിഴക്കൻ യുക്രെയിനിൽ പെൻഷൻ വിതരണം ചെയ്യുന്നതിനിടെ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 25 ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. യരോവയിലുളള ഡോണക്സ് കുടിയേറ്റ പ്രദേശത്താണ് ആക്രമണം നടന്നത്. പെൻഷൻ വാങ്ങാൻ വരിനിൽക്കുകയായിരുന്നവരുടെ നേർക്കാണ് റഷ്യയുടെ വ്യോമാക്രമണം ഉണ്ടായത്.

കൊല്ലപ്പെട്ടവർ സാധാരണ ജനങ്ങളാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ റഷ്യൻ ഭരണകൂടം കാറ്റിൽ പറത്തുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇതെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി ആരോപിച്ചു. 42 മാസങ്ങളായി നടക്കുന്ന റഷ്യ-യുക്രെ‌യ്ൻ സംഘർഷത്തിൽ നിരവധി സാധാരണ ജനങ്ങൾ കൊല്ലപ്പെടുകയും കുട്ടികളടക്കമുള്ളവരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് അവസാന വാരം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിന്നലാക്രമണത്തിൽ എതാണ്ട് 23 പേർ ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടിരുന്നു. അന്ന് രാജ്യത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

പ്രാകൃതമായി റഷ്യൻ സേന നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ലോകം അപലപിക്കുകയും റഷ്യക്കുമേൽ സാദ്ധ്യമായ തരത്തിൽ സമ്മർദ്ദം തുടരണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു. റഷ്യ, യുക്രെയിന് മേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇവരിൽ നിന്നും ഇന്ധനം വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീമമായ നികുതി അടിച്ചേൽപ്പിച്ച അമേരിക്കൻ നടപടി വലിയ വിമർശനവിധേയമായിരുന്നു. യൂറോപ്യൻ യൂണിയനും ഇതേ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമാണ് ഉള്ളത്. ഇന്ത്യയെ പോലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെ റഷ്യൻ ചേരിയിൽ എത്തിക്കാൻ മാത്രമേ അമേരിക്കൻ നടപടി കാരണമാകൂ എന്നാണ് യൂറോപ്പിലെ നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.