അരൂരിൽ ബി.ഡി.ജെ.എസ് മത്സരിക്കില്ല: തുഷാർ
ചേർത്തല: അരൂരിൽ ബി.ഡി.ജെ.എസ് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന കൗൺസിൽ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മുന്നണിയായിട്ടും പാർട്ടിക്ക് അർഹമായ പരിഗണന കിട്ടാത്തതിനാലാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇന്നലെ ചേർത്തലയിൽ നടന്ന കൗൺസിൽ യോഗത്തിന്റെ നിർദ്ദേശ പ്രകാരം താൻ വ്യാഴാഴ്ച ഡൽഹിയിൽ അമിത്ഷാ അടക്കമുള്ളവരെ കണ്ടതിനുശേഷം 30ന് അന്തിമ തീരുമാനമെടുക്കുമെന്നും തുഷാർ അറിയിച്ചു.
സംസ്ഥാനത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പുകാലത്തു മാത്രമുണ്ടാകുന്ന സംവിധാനമായി മാറിയെന്നും ബി.ഡി.ജെ.എസ് നേരിടുന്ന അവഗണനക്ക് ബി.ജെ.പിയാണ് ഉത്തരവാദിയെന്നും തുഷാർ പറഞ്ഞു.നിലവിൽ എൻ.ഡി.എയിൽ തന്നെ തുടരും, ആവശ്യമായി വന്നാൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും. മത്സരിച്ചില്ലെങ്കിൽപ്പോലും അരൂരിൽ എൻ.ഡി.എ ആരെ സ്ഥാനാർത്ഥിയാക്കിയാലും പിന്തുണക്കും.പിന്നിൽ നിന്ന് കുത്തുന്ന നയമില്ലാത്തതിനാലാണ് ഉള്ളകാര്യങ്ങൾ തുറന്നു പറഞ്ഞ് തീരുമാനമെടുത്തത്.
അജ്മാനിൽ കേസിൽപ്പെട്ടപ്പോൾ മുഖ്യമന്ത്റി സഹായിച്ചതിനു പ്രത്യുപകാരമായാണോ തീരുമാനമെന്ന ചോദ്യത്തിന് മുഖ്യമന്ത്റി മാത്രമല്ല കേന്ദ്രസർക്കാരടക്കം പലരും സഹായിച്ചിട്ടുണ്ടെന്നും പാർട്ടി എൻ.ഡി.എയുടെ ഭാഗമാണെന്നും ഒരു വോട്ടും പുറത്തു പോകില്ലെന്നും തുഷാർ പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽപ്പോലും എൻ.ഡി.എക്കുവേണ്ടി ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് ബി.ഡി.ജെ.എസ് നടത്തിയത്.വിജയസാദ്ധ്യതയുണ്ടായിരുന്ന തൃശൂരിൽ നിന്ന് വയനാട്ടിലേക്കു മാറിയതുപോലും ബി.ജെ.പി നിർദ്ദേശ പ്രകാരമായിരുന്നു.ഇതിലൊന്നും വേണ്ട പരിഗണന ലഭിക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള പ്രതിഷേധമാണ് കൗൺസിൽ തീരുമാനത്തിൽ തെളിഞ്ഞതെന്നും തുഷാർ പറഞ്ഞു.
സംസ്ഥാന ജനറൽസെക്രട്ടറിമാരായ ടി.വി.ബാബു,കെ.കെ.മഹേശൻ,ട്രഷറർ എ.ജി.തങ്കപ്പൻ,കെ.പത്മകുമാർ,ബി.ഗോപകുമാർ,രാജേഷ് നെടുമങ്ങാട്,ബിനു ഇരിങ്ങാലക്കുട,അനുരാഗ് കൊല്ലംകോട്,സംഗീതാവിശ്വനാഥൻ,രാധാകൃഷ്ണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.