രാജ്യത്തെ വലിപ്പം കൂടിയ ശ്രീമഹാവിഷ്ണു പ്രതിമ ആറ്റിങ്ങലിൽ
ആറ്റിങ്ങൽ: രാജ്യത്തെ ഏറ്റവും വലിപ്പം കൂടിയ ശ്രീ മഹാവിഷ്ണുവിന്റെ ചാതുർ ബാഹുപ്രതിമയുടെ നിർമ്മാണം ആറ്റിങ്ങലിൽ പുരോഗമിക്കുന്നു. കൊല്ലമ്പുഴ മാരാഴ്ചയിൽ മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലായാണ് നിർമ്മാണം പുരോഗമിക്കുന്നത്. മൂന്ന് കോടി രൂപയിലധികം നിർമ്മാണച്ചെലവ് പ്രതീക്ഷിക്കാം. കഴിഞ്ഞ സെപ്തംബറിലാണ് ശിലാന്യാസം നടത്തിയത്. 85 അടി ഉയരത്തിലാണ് നിർമ്മാണം. പ്രതിമയുടെ ചുവട്ടിലെ പീഠമണ്ഡപത്തിൽ 15 അറപ്പുരകളും ഒരുക്കുന്നുണ്ട്. പീഠമണ്ഡപത്തിൽ കയറുമ്പോൾ ശ്രീശുക മഹർഷി പരീഷത്ത് മഹാരാജാവിന് ഭാഗവതം ഉപദേശിക്കുന്ന രംഗം കാണാം.തുടർന്ന് ഭാഗവതവുമായി ബന്ധപ്പെട്ട 14 ദൃശ്യങ്ങളും കാണാം. പരമ്പരാഗത വാസ്തുശില്പ വൈദഗ്ദ്ധ്യത്തോടൊപ്പം ആധുനിക എൻജിനിയറിംഗ് ടെക്നോളജിയും ചേർത്താണ് ഓരോ ഘട്ടവും പൂർത്തിയാക്കുന്നത്. തറനിരപ്പിൽ നിന്ന് 20 അടിയിലേറെ താഴ്ചയിൽ നിന്നും ബലപ്പെടുത്തിയാണ് ക്ഷേത്രനിർമ്മാണം. മാരാഴ്ചയിൽ ക്ഷേത്രയോഗം ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്. പ്രതിമാ നിർമ്മാണ കമ്മിറ്റിക്കാണ് നിർമ്മാണച്ചുമതല. സുനിൽ ബാബുവാണ് ശില്പി. എസ്.ശംഭുനാഥ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് നിർമ്മാണം.