ശിവഗിരി മഠം നഴ്സറിയിലെത്തിയാൽ ചെടികളുമായി മടങ്ങാം

Wednesday 10 September 2025 1:33 AM IST

ശിവഗിരി: വിവിധ ഇനത്തിൽപ്പെട്ട പൂച്ചെടികളുടെയും ഇലച്ചെടികളുടെയും ഔഷധ ഫലവൃക്ഷത്തൈകളുടെയും വൻശേഖരം ഭക്തർക്കായി ഒരുക്കി ശിവഗിരി മഠം നഴ്സറി. ഓണക്കാഴ്ചയായി ശിവഗിരി മഠം നഴ്സറിയിലേക്ക് ഒരു ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്ന നൂറിൽപ്പരം ഇനം ഫലവൃക്ഷത്തൈകളും ചെടികളും ഗുരുദേവ കാണിക്കയായി കോട്ടയം ചിങ്ങവനത്തെ അനുപമ ഗാർഡൻസ് ഉടമ അനുപമ ഷാജി സമർപ്പിച്ചു. വിശേഷ ദിവസങ്ങളിലും മറ്റും ശിവഗിരി മഠത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് മടക്കയാത്രയിൽ ചെടികളും ഫലവൃക്ഷതൈകളും ലഭ്യമാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയാണിത്. മറ്റ് നഴ്സറികളിൽ നിന്നും ലഭ്യമാകുന്നതിൽ നിന്നും കുറഞ്ഞ നിരക്കിലാണ് മഠം ഗാർഡൻസിൽ നിന്നും ചെടികൾ ലഭ്യമാക്കുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും നഴ്സറി ചുമതലയുള്ള സ്വാമി സുരേശ്വരാനന്ദയും പറഞ്ഞു. ഭക്തരുടെ വീടുകളിലുള്ള ഔഷധതൈകൾ താത്പര്യമെങ്കിൽ നഴ്സറിയിൽ സമർപ്പിക്കാം.