ഇടിവീരന്മാരെ പിരിച്ചുവിടണം

Wednesday 10 September 2025 4:38 AM IST

പൊലീസ് നടത്തിയ ക്രൂരമർദ്ദനത്തിന്റെ പരാതികൾ ഓരോന്നായി ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പൊലീസ് മർദ്ദനത്തെക്കുറിച്ചുള്ള പരാതി പ്രവാഹം ഉണ്ടായിരിക്കുന്നത്. എസ്.എഫ്.ഐ നേതാവിനെ മർദ്ദിച്ച കേസിൽ അന്ന് കോന്നി സി.ഐ ആയിരുന്ന മധു ബാബുവിനെതിരെ നൽകിയ അന്വേഷണ റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഉദ്യോഗസ്ഥൻ സ്ഥിരമായി കസ്റ്റഡി മർദ്ദനം നടത്തുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ക്രമസമാധാന ചുമതല നൽകരുതെന്നും നിർദ്ദേശിച്ചിരുന്നു. ഇതൊന്നും ഈ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി ക്രമസമാധാന ചുമതലയിൽ നിലനിറുത്തുന്നതിന് ആഭ്യന്തരവകുപ്പിന് തടസമായിട്ടില്ല. ക്രമസമാധാന ചുമതലയിൽ നിന്ന് ഈ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നതാണ്. അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഈ ഉദ്യോഗസ്ഥൻ അനുകൂല ഉത്തരവ് വാങ്ങിയതിനെത്തുടർന്നാണ് സ്ഥാനക്കയറ്റം നൽകിയത്.

2012-ലാണ് എസ്.എഫ്.ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ മർദ്ദിച്ച സംഭവം നടന്നത്. 2016-ൽ ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി നിർദ്ദേശിക്കുന്ന റിപ്പോർട്ട് ഡി.ജി.പിക്ക് ലഭിച്ചിരുന്നു. 2025 ആയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന ഇത്തരം നടപടികളാണ് കസ്റ്റഡി മർദ്ദനങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. പൊലീസിലെ ഒരു വിഭാഗം മർദ്ദനമുറ സ്ഥിരം പ്രയോഗിക്കുന്നത് അഴിമതിപ്പണം വാങ്ങാനുള്ള എളുപ്പമാർഗം എന്ന നിലയിൽക്കൂടിയാണ്. പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ഉടമയെയും മകനെയും ജീവനക്കാരെയും മർദ്ദിച്ച സംഭവം ഇതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. മർദ്ദിച്ചതിനു പുറമെ ഗുരുതരമായ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും ഹോട്ടലുടമ നൽകിയ പരാതിയിൽ പറയുന്നു.

രാഷ്ട്രീയക്കാർ മാത്രമല്ല,​ ഒരു രാഷ്ട്രീയവുമില്ലാത്ത വ്യക്തികളും ബാങ്ക് ഉദ്യോഗസ്ഥനും റവന്യു ഉദ്യോഗസ്ഥനുമാക്കെ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായ സംഭവങ്ങളാണ് ഇപ്പോൾ പരാതികളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പരാതികളിൽ പൊലീസുകാർ കുറ്റക്കാരാണെന്ന് അന്വേഷണ റിപ്പോർട്ട് വന്നാലും അവരെ സംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പിന്റെ നടപടി അവസാനിപ്പിക്കേണ്ടതാണ്. പലപ്പോഴും ഇത്തരം പരാതികളിൽ പൊലീസുകാരെ സ്ഥലം മാറ്റുന്നതു പോലും അവരുടെ വീടിനു സമീപത്തേക്കായിരിക്കും. ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്ന ഇടങ്ങളാണ് പൊലീസ് സ്റ്റേഷനുകൾ എന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ഉത്തരവിട്ടത്. ക്യാമറാ ദൃശ്യങ്ങൾ വിവരാവകാശ പ്രകാരം പരാതിക്കാരന് ലഭ്യമാക്കാനും നിയമം അനുശാസിക്കുന്നു. ഇത്രയൊക്കെയായിട്ടും മാറാൻ തയ്യാറാകാതിരിക്കുന്നത് ഒരു ചെറിയ ന്യൂനപക്ഷം പൊലീസ് ഉദ്യോഗസ്ഥരാണ്.

കാലം മാറിയതിനനുസരിച്ച് മാറാൻ തയ്യാറാകാത്ത ഇത്തരം പൊലീസുകാർക്ക് സസ്‌പെൻഷനല്ല, പിരിച്ചുവിടൽ തന്നെയാണ് ശിക്ഷയായി നൽകേണ്ടത്. ഇത് പൊലീസിന്റെ വീര്യം കുറയ്ക്കാനൊന്നും ഇടയാക്കില്ല. മറിച്ച് പൊലീസ് സേന പ്രവൃത്തിയിൽ കൂടുതൽ മെച്ചപ്പെടാനേ ഇടയാക്കൂ. പൊലീസ് പരാതി പരിഹാര അതോറിട്ടിയൊക്കെ ഉണ്ടെങ്കിലും പരാതികളിൽ ശുപാർശ ചെയ്യാനേ അതോറിട്ടിക്കു കഴിയൂ. നടപടി എടുക്കേണ്ടത് സർക്കാരാണ്. അതുകൊണ്ടുതന്നെയാണ് അതോറിട്ടിക്കു മുന്നിൽ പരാതികളുടെ എണ്ണം കൂടാത്തത്. കാലം മാറിക്കഴിഞ്ഞു. അതനുസരിച്ച് പൊലീസിനെ മാറ്റാനും അധികാരികൾ തയ്യാറാകണം. കാക്കിയുടെ ബലം കൈക്കരുത്തിലല്ല, ബുദ്ധിശക്തിയിലും സേവന സന്നദ്ധതയിലുമാണ് ജനങ്ങൾക്ക് ബോദ്ധ്യപ്പെടേണ്ടത്. അതിനാൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസുകാർക്കെതിരെ അതിശക്തമായ ശിക്ഷാനടപടികൾ തന്നെ സ്വീകരിക്കേണ്ടതുണ്ട്.