ഉപ്പളയിൽ കടലാക്രമണം രൂക്ഷം റോഡ് തകർന്ന് 60 കുടുംബങ്ങൾ ഒറ്റപ്പെട്ടു, മൂന്ന് വീടുകളുടെ അടിത്തറ ഇളകി
കാസർകോട്: അതിരൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ഉപ്പളയിലെ അറുപതോളം തീരദേശ കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ഫിഷറീസ് വകുപ്പ് നിർമ്മിച്ച റോഡ് പൂർണ്ണമായി തകർന്നതോടെ ഇവിടേക്കുള്ള യാത്രാമാർഗം അടഞ്ഞു.
നേരത്തെ 100 മീറ്ററിലേറെ അകലമുണ്ടായിരുന്ന തീരം ഇപ്പോൾ വീടുകളുടെ മുറ്റത്തെത്തി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തെങ്ങുകൾ, കാറ്റാടി മരങ്ങൾ, താത്കാലിക കടൽഭിത്തി, റോഡ് തുടങ്ങിയ പല അടിസ്ഥാന സൗകര്യങ്ങളും കടലെടുത്തു. റോഡ് തകർന്നതോടെ, ഒരുഭാഗത്ത് കടലും മറുഭാഗത്ത് റെയിൽവേ പാതയും കാരണം വാഹനഗതാഗതം പൂർണ്ണമായി നിലച്ചു. പ്രായമായവരെ ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ, കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് വീടുകളുടെ അടുക്കളഭാഗം അടക്കം കടലെടുത്തിരുന്നു.
രാജീവി, ജയന്ത, വാസന്തി എന്നിവരുടെ വീടുകളുടെ അടിത്തറയാണ് തകർന്ന നിലയിലുള്ളത്. ഇവർ രാത്രിയിൽ ബന്ധുവീടുകളിലാണ് അഭയം തേടുന്നത്. വീടിന്റെ അടുക്കളയും കുളിമുറിയും, മീൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഷെഡും കടലെടുത്തു. പഞ്ചായത്ത് നിർമ്മിച്ച ശ്മശാനവും തകർന്നു. മത്സ്യതൊഴിലാളികൾക്ക് തോണി കയറ്റിയിടാൻ നിർമ്മിച്ച ഷെഡിന്റെ പകുതി ഭാഗവും കടലെടുത്തു. കുട്ടികളെ സ്കൂളിലെത്തിക്കാനും പ്രായമായവരെയും രോഗികളെയും ആശുപത്രിയിൽ കൊണ്ടുപോകാനും ബുദ്ധിമുട്ടുകയാണെന്ന് ഇവിടത്തെ സ്ത്രീകളും അമ്മമാരും സങ്കടത്തോടെ പറയുന്നു.
കടലാക്രണം ഇതാദ്യമല്ല
ബംഗ്ലാ, ഐല കടപ്പുറം, അയൂർ, കുതുപുള്ളു പ്രദേശങ്ങളിലെ ജനങ്ങൾ വർഷങ്ങളായി കടലാക്രമണ ഭീഷണിയിലാണ്. കടലിനോട് ചേർന്ന് നിർമ്മിച്ച പുലിമുട്ടുകൾ അശാസ്ത്രീയമായതിനാലാണ് കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലെ സ്ഥിതി വഷളാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ഈ പ്രദേശത്തേക്ക് അനുവദിക്കുന്ന ഫണ്ട് പോലും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.നടപടി സ്വീകരിച്ചില്ലെങ്കിൽ ദേശീയപാത ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ ആലോചിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. അടിയന്തരമായി കടൽഭിത്തി നിർമ്മിച്ചില്ലെങ്കിൽ പത്തോളം വീടുകൾ കടലെടുക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഫിഷറീസ് വകുപ്പ് നിർമ്മിച്ച റോഡ് പൂർണ്ണമായി തകർന്നു.
രണ്ട് വീടുകളുടെ അടുക്കള ഭാഗം കടലെടുത്തു.