ടോൾ പുന:സ്ഥാപിക്കുമോ : ചർച്ചയായി സർക്കാർ മൗനം
തൃശൂർ: പാലിയേക്കര ടോൾ നിരക്ക് പുന:സ്ഥാപിക്കുമോയെന്ന ആശങ്ക നിലനിൽക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ മൗനം ചർച്ചയാകുന്നു. അടിപ്പാത നിർമ്മാണത്തെ തുടർന്ന് കുരുക്ക് മുറുകി സർവീസ് റോഡ് തകർന്ന് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തെ തുടർന്നാണ് ഹൈക്കോടതി നാലാഴ്ചത്തേയ്ക്ക് ടോൾ പിരിവ് നിറുത്തിവച്ചത്. ഹൈക്കോടതി പറഞ്ഞ കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും പിരിവ് തുടങ്ങുന്നത് നീട്ടിവച്ചു.
ഇന്ന് കോടതി ഹർജി വീണ്ടും പരിഗണിക്കും. കളക്ടർ അർജുൻ പാണ്ഡ്യനോട് ഓൺലൈനായി ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയിൽ പോയെങ്കിലും ഹർജി നൽകിയ അഡ്വ.ഷാജി കോടങ്കണ്ടത്ത് തടസഹർജി നൽകിയതോടെ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നു. അതേസമയം സുപ്രീംകോടതിയിൽ കേസ് വന്നപ്പോഴും സംസ്ഥാന സർക്കാർ ടോൾ കമ്പനിയെ എതിർക്കാൻ വന്നില്ലെന്ന് അഡ്വ.ഷാജി കോടങ്കണ്ടത്ത് പ്രതികരിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ടോൾ കമ്പനിക്കെതിരെ നിലപാട് പറയാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. ഇത്രയും കുരുക്ക് മന്ത്രിമാരും ജനപ്രതിനിധികളും നേരിട്ട് അനുഭവിച്ചിട്ടും ഒരക്ഷരം മിണ്ടിയില്ല.
ദേശീയപാത അതോറിറ്റിക്ക് വിമർശം
കോടതിയിൽ വന്ന് സമയം കളയാതെ റോഡ് നന്നാക്കാൻ നോക്കൂവെന്ന് സുപ്രീംകോടതി ജഡ്ജിമാർ ദേശീയപാത അതോറിറ്റിയെ വിമർശിച്ചിരുന്നു. ഈ തിരിച്ചടിയോടെയാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിപ്പാതകളോട് ചേർന്നുള്ള സർവീസ് റോഡുകൾ ടാറിംഗ് നടത്താൻ കരാറുകാരൻ രംഗത്തെത്തിയത്. പക്ഷേ ഇപ്പോഴും സർവീസ് റോഡുകളുടെ ടാറിംഗ് കഴിഞ്ഞിട്ടില്ല. ഒരു മാസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാതെയാണ് ടോൾ പിരിവ് ആരംഭിക്കാൻ അനുമതി തേടുന്നത്.
മുടിക്കോട് നീണ്ട നിര
പല സ്ഥലങ്ങളിലും വൻ ഗതാഗതക്കുരുക്കാണ്. മുടിക്കോട് ടാറിംഗ് നടക്കുന്നതിനാൽ കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മന്ത്രി കെ.രാജന്റെ മണ്ഡലത്തിൽപെട്ട സ്ഥലം കൂടിയായതിനാൽ മാസങ്ങൾക്ക് മുമ്പേ കളക്ടറും മന്ത്രിയുമെത്തി സർവീസ് റോഡ് ടാറിംഗ് നടത്താനും പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് സർവീസ് റോഡിന് വീതി കൂട്ടാനും നിർദ്ദേശിച്ചിരുന്നു. പക്ഷേ കരാറുകാരൻ അനങ്ങിയില്ല. പിന്നീട് ആഴ്ചകൾക്ക് ശേഷം പോസ്റ്റ് മാറ്റിയെങ്കിലും റോഡ് വീതി കൂട്ടാനുള്ള ഒരു നടപടിയുമെടുത്തില്ല. ഓണത്തിന് തൊട്ടുമുമ്പാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന വഴിയിൽ ചില സ്ഥലങ്ങളിൽ മാത്രമാണ് ടാറിംഗ് നടത്തിയത്. പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള സർവീസ് റോഡിന്റെ ടാറിംഗ് പണി നടക്കുന്നുണ്ട്.
ഹർജി ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടും. കോടതി ഉത്തരവ് ഇല്ലാതെ കരാർ കമ്പനിക്ക് നിരക്ക് വർദ്ധിപ്പിക്കാനാവില്ല. കരാർ നിർമാണപ്രവൃത്തികളും സേഫ്റ്റി ഓഡിറ്റിലെ പരിഹാരനിർദ്ദേശ നിർമ്മാണവും കഴിയാതെ ടോൾ നിരക്ക് ഉയർത്തരുതെന്നും പിരിവ് നിറുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി നൽകിയിട്ടുള്ളത്.
അഡ്വ.ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ്.