അനധികൃത മണ്ണെണ്ണയും ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തു

Wednesday 10 September 2025 1:15 AM IST

പൂവാർ: പുതിയതുറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തു.പുതിയതുറ ഗോതമ്പ് റോഡിലാണ് സംഭവം.ജില്ലാ കളക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും കാഞ്ഞിരംകുളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2400 ലിറ്റർ മണ്ണെണ്ണയും,8 നിറച്ച ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തത്.

തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന റേഷൻ മണ്ണെണ്ണയും,ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുമാണ് കണ്ടെത്തിയത്.റെയ്ഡിനെത്തിയ ടി.എസ്.ഒ പ്രവീൺ കുമാറിനെയും സംഘത്തെയും കണ്ട് കച്ചവടക്കാരും കൂട്ടാളികളും ഓടി രക്ഷപ്പെട്ടു.റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ്,അജിത്ത്,സുനിൽ ദത്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

പിടിച്ചെടുത്ത ബാരലിലുള്ള മണ്ണെണ്ണയും,ഗ്യാസ് സിലിണ്ടറുകളും കേരള സിവിൽ സപ്ലൈസ് ഓഫീസിലേക്ക് മാറ്റി.തമിഴ്നാട്ടിൽ 68 രൂപയ്ക്ക് വിൽക്കുന്ന വെള്ളയും നീലയും മണ്ണെണ്ണ, തീരപ്രദേശത്തുള്ളവർക്ക് 120 രൂപയ്ക്കും, നിറച്ച ഗ്യാസ് സിലിണ്ടറുകൾ 1200 രൂപയ്ക്കും വിൽക്കുന്നതാണ് അനധികൃത കച്ചവടക്കാരുടെ രീതിയെന്ന് അധികൃതർ വ്യക്തമാക്കി.