സിയാച്ചിനിൽ 12,000 അടി ഉയരത്തിൽ മഞ്ഞിടിച്ചിൽ, മൂന്ന് സൈനികർക്ക് വീരമ‌ൃത്യു

Tuesday 09 September 2025 9:47 PM IST

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. 12,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബേസ് ക്യാമ്പിലേക്ക് ഹിമപാളികൾ അടർന്ന് വീഴുകയായിരുന്നു. ബേസ്‌ക്യാമ്പിൽ ഉണ്ടായിരുന്ന മൂന്ന് സൈനികർ മഞ്ഞിനടിയിൽ അകപ്പെട്ടുപോകുകയായിരുന്നു. മരിച്ചവരിൽ രണ്ടുപേർ അഗ്നിവീറുകളാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരുടേതടക്കം മൂന്ന് സൈനികരുടെയും ഭൗതികശരീരം റസ്‌ക്യൂഓപ്പറേഷൻ ടീം പുറത്തെടുത്തു.

2021ലും സിയാച്ചിനിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 2019ലെ അതിശക്തമായ മലയിടിച്ചിലിൽ നാല് സൈനികർക്കാണ് ജീവൻ നടമായത്. 2016 ഫെബ്രുവരിയിൽ പത്തോളം സൈനികർ ഹിമപാതത്തിൽ വീരമൃത്യു വരിച്ചിട്ടുണ്ട്. അപകടത്തിൽ ലാൻസ് നായിക് ഹനുമന്തപ്പ രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി.

ലോകത്തിലെ ഏറ്റവും ഉയരത്തിലുളള യുദ്ധഭൂമിയിൽ സൈനികർ ശത്രുക്കളോടും പ്രകൃതിയോടും പടവെട്ടിയാണ് രാജ്യത്തിന് കാവൽ നിൽക്കുന്നത്. ഏറെ ഉയരത്തിലായതിനാൽ ഇവിടെ ഓക്സിജന്റെ ലഭ്യത വളരെ കുറവാണ് എന്നത് വെല്ലുവിളിയാണ്. കാശ്‌മീരിൽ മഴയടക്കം വലിയ നാശനഷ്‌ടം കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് സിയാച്ചിനിൽ മഞ്ഞിടിച്ചിലും ഉണ്ടായിരിക്കുന്നത്.ജമ്മു കാശ്‌മീരിന് പുറമേ ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലും മഴക്കെടുതി ഉണ്ടായിട്ടുണ്ട്.