ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ് നേടി അഞ്ചാംക്ളാസുകാരി; സേറാ മരിയ ആഗോള താരമാണ്
പയ്യാവൂർ:പതിനഞ്ച് വയസിൽ താഴെയുള്ള അതുല്യപ്രതിഭകൾക്കായി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബാലപ്രതിഭാ പുരസ്‌കാരമായ ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്സിന്റെ സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ നേടിയ അഞ്ചാംക്ളാസുകാരി സേറ മരിയ ചാരിറ്റ് മലയാളികൾക്ക് അഭിമാനമായി. ഇന്റലിജന്റ്സ് മെമ്മറി ആൻഡ് ഐക്യു വിഭാഗത്തിലാണ് സേറയ്ക്ക് ഈ ആഗോള അംഗീകാരം ലഭിച്ചത്.
കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി ഡോ.ആൽഫി മൈക്കിളിന്റെയും
വയനാട് പുൽപ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും മകളാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂൾ വിദ്യാർത്ഥിനിയായ സേറ.ഈ വർഷം ഇന്റലിജന്റ്സ് മെമ്മറി ആൻഡ് ഐക്യു വിഭാഗത്തിൽ ഇന്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡ്സിന്റെ സ്റ്റാർ അച്ചീവർ അവാർഡും ഇ.ഐ അസറ്റ് ടാലന്റ് സെർച്ച് യു.എ.ഇയിൽ നടത്തിയ പരീക്ഷയിൽ ഗോൾഡ് സ്‌കോളർ അവാർഡും ഗോൾഡ് മെഡലും ഈ പത്തുവയസുകാരി നേടിയിട്ടുണ്ട്. നൂറ്റിമുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നാണ് ഈ അവാർഡിനുള്ള തിരഞ്ഞെടുപ്പ്.
ആറാം വയസിൽ ലണ്ടനിലെ വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റെക്കോർഡ് ബ്രേക്കിംഗിൽ ഗ്രാൻഡ്മാസ്റ്റർ പദവിയും നേടിയിട്ടുണ്ട് സേറ. ഫോസിലുകളെ സംബന്ധിച്ച പഠനമായ പാലിയന്റോളജിയാണ് ഇഷ്ട വിഷയം. ദിനോസറുകളുടെ കഥകളും വിവരണങ്ങളും ഉൾപ്പെടുത്തിയുള്ള ഒരു പുസ്തകം രചിക്കുകയാണ് ഈ കൊച്ചു മിടുക്കി.
കുഞ്ഞുസംശയങ്ങളിലൂടെ അറിവിലേക്ക്
ഒരു വയസെത്തും മുമ്പേ സംസാരിച്ചു തുടങ്ങിയ സേറ മുന്നിൽ കാണുന്നതിനെക്കുറിച്ചെല്ലാം സംശയം ചോദിക്കുമായിരുന്നു.രണ്ടര വയസിൽ നൂറ്റിപ്പത്ത് രാജ്യങ്ങളുടെ പേരും പതാകകളും മനപാഠമാക്കി. നാലാം വയസിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും യു.എൻ.സെക്രട്ടറി ജനറൽമാരുടെയും പേരുകൾ, കേരളത്തിലെ പതിനാല് ജില്ലകൾ എന്നിവ ഓർത്തുപറയാൻ സേറയ്ക്ക് സാധിച്ചു.യു.എ.ഇയിലെ പല വേദികളിലും ഓർമ്മശക്തിയിലൂടെ സേറ അംഗീകാരം നേടി.
ആറ് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്,
ആറ് ഏഷ്യൻ റെക്കോഡും,
ഇതുവരെ ചന്ദ്രനിലെത്തിയ സഞ്ചാരികളുടെ പേരും വർഷവും ഉൾപ്പെടെ കണ്ണുകൾ മൂടിക്കെട്ടി 46 സെക്കൻഡിനുള്ളിൽ പറഞ്ഞാണ് സേറ അഞ്ചാംവയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയത്. പിന്നീട് വിവിധയിനം ദിനോസുകളുടെ പേരുകൾ വേഗത്തിൽ പറഞ്ഞും അവയുടെ ഫോസിലുകൾ തിരിച്ചറിഞ്ഞും സമുദ്രജീവികളെ വിവരിച്ചും ആറ് തവണ ഇന്ത്യൻ റെക്കോർഡ്സിലും അഞ്ച് തവണ ഏഷ്യൻ റെക്കോർഡ്സിലും സേറ തന്റെ പേര് പതിപ്പിച്ചു.