സ്പോർട്ടിംഗ് ബംഗളൂരുവിൽ നിന്ന് ആസിഫും മനോജും കണ്ണൂർ വാരിയേഴ്സിൽ
കണ്ണൂർ: ഐ ലീഗ് ക്ലബ് സ്‌പോർട്ടിംഗ് ബംഗളൂരു എഫ്.സിയിൽ നിന്ന് രണ്ട് താരങ്ങളെ ടീമിലെത്തിച്ച് കേരള സൂപ്പർലീഗിലെ കരുത്തരായ കണ്ണൂർ വാരിയേഴ്സ് . മധ്യനിരതാരം ഒ.എംആസിഫ് . പ്രതിരോധ താരം എസ്. മനോജ് എന്നിവരാണ് കണ്ണൂർ വാരിയേഴ്സിൽ എത്തിയത്. മദ്ധ്യനിരയിലും പ്രതിരോധത്തിലും കൂടുതൽ കരുത്തുപകരുന്നതാണ് വാരിയേഴ്സിന്റെ ഈ നീക്കം. സെൻട്രൽ മിഡ്ഫിൽഡറായും അറ്റാക്കിംഗ് മിഡ്ഫിൾഡറായും കളിക്കാൻ സാധിക്കുന്ന താരമാണ് ആസിഫ്. 2023-24 സീസണിൽ സ്‌പോർട്ടിംഗ് ബംഗളൂരു ഐ ലീഗ് രണ്ടാം ഡിവിഷനിൽ ചാമ്പ്യനായപ്പോൾ മധ്യനിരയിൽ ആസിഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് വേണ്ടി കേരള പ്രീമിയർ ലീഗിൽ കളിച്ച താരം 2019-20 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ചാമ്പ്യൻമാരാക്കുന്നതിലും നിർണായ പങ്കു വഹിച്ചു. കേരളത്തിന് വേണ്ടി 2022- 23 സീസണിൽ സന്തോഷ് ട്രോഫിയും അണ്ടർ 17 വിഭാഗത്തിൽ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടി. എഫ്.സി. കേരള പ്രോഡ്ജി എഫ്.എ. എന്നിവർക്ക് വേണ്ടി ജൂനിയർ ഐ ലീഗും കളിച്ച താരം എറണാകുളം ജില്ലയിലെ കൊച്ചി സ്വദേശിയാണ്. ഇടത് വിംഗ് ക്കായി കളിക്കാൻ സാധിക്കുന്ന താരമാണ് മനോജ്. 2014 15 സീസണിൽ ബംഗളൂരു എഫ്സിയുടെ അണ്ടർ 19 വിഭാഗത്തിലാണ് താരത്തിന്റെ തുടക്കം. ഐ ലീഗ് രണ്ടാം ഡിവിഷനിൽ ഫത്തേ ഹൈദരാബാദ്, ഒസോൺ എഫ്.സി, അറ എഫ്.സി, ബംഗളൂരു യുണൈറ്റഡ് എഫ്.സി എന്നിവർക്ക് വേണ്ടി കളിച്ചു. കൊൽക്കത്തൻ ലീഗിൽ പീർലെസ് ക്ലബിനുവേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. 2023 ലാണ് സ്‌പോർട്ടിംഗ് ക്ലബിലെത്തുന്നത്. പിന്നീട് സ്‌പോർട്ടിംഗിന് വേണ്ടി ഐ ലീഗ് മൂന്നാം ഡിവിഷൻ, ഐ ലീഗ് രണ്ടാം ഡിവിഷൻ, ഐ ലീഗ് എന്നീ മത്സരങ്ങൾ കളിച്ചു. ടീം ക്യാപ്റ്റനുമായിരുന്നു. 2022-23 സീസണിൽ സൗദിയിലെ റിയാദിൽ വച്ച് നടന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ചാമ്പ്യൻമാരായ കർണാടക ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഈ കർണാടക സ്വദേശി.