അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്ക് ആലപ്പുഴ
ആലപ്പുഴ: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങവേ അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴയും. ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 95 ശതമാനത്തോളം കുടുംബങ്ങളെയും ഇതിൽ നിന്ന് മുക്തമാക്കാൻ കഴിഞ്ഞു. അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി അതിദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയിൽ കണ്ടെത്തിയ 3,613 കുടുംബങ്ങളിൽ 3398 കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കിയിട്ടുണ്ട്. അതിദാരിദ്ര്യ പട്ടികയിൽ ജില്ലയിൽ വീട് മാത്രം ആവശ്യമുള്ള 276 കുടുംബങ്ങളാണുണ്ടായിരുന്നത്. ഇവരിൽ 219 പേരുടെയും വീട് നിർമ്മാണം പൂർത്തീകരിച്ചു. അവശേഷിക്കുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാവാൻ വസ്തുവും വീടും ആവശ്യമുള്ള ജില്ലയിലെ കുടുംബങ്ങളുടെ എണ്ണം 196 ആയിരുന്നു. ഇതിൽ 146 കുടുംബങ്ങൾക്ക് വസ്തു ലഭ്യമാക്കി. ഇവരിൽ 41കുടുംബങ്ങൾ ഇതിനോടകം വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ വീട് നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. വസ്തു ലഭ്യമാക്കിയവരിൽ 17കുടുംബങ്ങൾക്ക് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുഖാന്തിരമാണ് ഫണ്ട് കണ്ടെത്തിയത്. മറ്റുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമാണ് വസ്തു വാങ്ങി നല്കിയത്. ഭൂരഹിത ഭവനരഹിതരിൽ ഭൂമി വാങ്ങിനല്കുവാൻ സാധിക്കാത്ത 50 കുടുംബങ്ങൾക്ക് ഫ്ളാറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.