ജോ.ആർ.ടി.ഒ ഓഫീസിന് അനുവദിച്ച മുറി കൈമാറാതെ കൃഷി വകുപ്പ്

Wednesday 10 September 2025 1:01 AM IST

ചേർത്തല : അനുവദിച്ച മുറി കൈവശം കിട്ടാത്തതിനാൽ അസൗകര്യങ്ങളിൽ നിന്ന് മോചനമില്ലാതെ ചേർത്തല ജോയിന്റ് ആർ.ടി.ഒ ഓഫീസ്. കൃഷി വകുപ്പാണ് മുറി കൈമാറാത്തത്. ചേർത്തല മിനിസിവിൽ സ്റ്റേഷനിലാണ് വകുപ്പുകളുടെ തർക്കത്തെത്തുടർന്ന് ആറുവർഷമായി ആർക്കും പ്രയോജനമില്ലാതെ മുറി അടഞ്ഞു കിടക്കുന്നത്.

ജോയിന്റ് ആർ.ടി. ഒ ഓഫീസിനോടു ചേർന്ന 500 ചതുരശ്ര അടിയോളം വിസ്തീർണമുള്ള മുറി കൃഷിഭവന്റെ സംഭരണമുറിയായിരുന്നു. എന്നാൽ കൃഷിഭവൻ കനാൽ തീരത്തുള്ള കെട്ടിടത്തിലേക്കു മാറിയപ്പോഴാണ് ജോയിന്റ് ആർ.ടി.ഒ ഓഫീസിന് മുറി കൈമാറ്റം ചെയ്തത്. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയറുടെ നിർദ്ദേശ പ്രകാരമാണ് തഹസിൽദാർ മുറികൈമാറാൻ കൃഷിവകുപ്പിനു നോട്ടീസ് നൽകിയത്. പലതവണ തഹസിൽദാർ കൃഷി ഓഫീസർക്ക് മുറികൈമാറാൻ അന്ത്യശാസനം നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

പരിമിതിയിൽ ഞെരുങ്ങുന്ന ജോയിന്റ് ആർ.ടി.ഒ ഓഫീസിന് ഈ മുറി വലിയ ആശ്വാസമാകുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ലേണേഴ്സ് ടെസ്റ്റുകൾ ഓഫീസിലെ കമ്പ്യൂട്ടറുകളിൽ തന്നെയാണ് നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം നടത്തുന്ന ടെസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. അനുവദിച്ച മുറി കിട്ടിയാൽ ടെസ്റ്റുകൾ പൂർണമായി അവിടേക്കു മാറ്റുന്നതിനും രണ്ട് ദിവസമെന്നത് നാലുദിവസേത്തേയ്ക്ക് മാറ്റി കൂടുതൽ പേർക്ക് ഓരേ സമയം ടെസ്റ്റു നടത്തുന്നതിനും സഹായകമാകും.

10 വർഷത്തിലേറെ നീണ്ട നടപടികൾ

 ജോയിന്റ് ആർ.ടി.ഒ ഓഫീസിന് മുറി കൈമാറാൻ 2014ന് മുമ്പേ നടപടികൾ തുടങ്ങിയിരുന്നു

 2014ൽ തഹസിൽദാർ അനുകൂലമായ റിപ്പോർട്ട് കളക്ടർക്കു നൽകിയിരുന്നു

 2018ൽ പൊതുമരാമത്തു വകുപ്പിനും കത്തുനൽകി

 2018 ഡിസംബറിൽ രണ്ടുവകുപ്പുകളുടെയും മേധാവികളുടെ യോഗവും വിളിച്ചു ചേർത്തു

 2019ൽ അന്ത്യശാസനം നൽകി. 20120ലും, 21ലും,23ലും,24ലും കത്തുനൽകി

നടപടി തുടങ്ങിയെന്ന് മന്ത്രിയുടെ ഓഫീസ്

നിലവിൽ കൃഷി വകുപ്പിന്റെ കൈയ്യിലുള്ള മുറി അടിയന്തിരമായി വിട്ടുകൊടുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുറിയിലുള്ള സാധന സാമഗ്രികൾ പരിശോധിച്ച് വേണ്ടതെല്ലാം കൃഷി ഓഫീസിലേയ്ക്ക് മാറ്റും, വേണ്ടാത്തവ ലേലം ചെയ്യാനാണ് തീരുമാനം